മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് കണ്ടപ്പോള്‍ തന്‍റെ കണ്ണുകള്‍ നിറഞ്ഞുപോയെന്ന് സംവിധായകൻ മേജർ രവി. തിയേറ്റര്‍ സ്ക്രീനില്‍ ഡയറക്റ്റഡ് ബൈ മോഹൻലാൽ എന്നെഴുതിക്കാണിച്ചപ്പോൾ വികാരാധീനനായിപ്പോയെന്നാണ് മേജർ രവി വ്യക്തമാക്കിയത്. 

കഴിഞ്ഞ 47 വർഷമായി ലാലേട്ടനെന്ന നടനെ കാണുന്നുണ്ട്. എന്നെപ്പോലൊരു സംവിധായകൻ ഇപ്പോള്‍ ആലോചിക്കുന്നത് മറ്റൊരു കാര്യമാണ്, എന്‍റെ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഇത്രയും വലിയ കഴിവുകളുണ്ടായിട്ടും നമ്മുടെ ജോലിയിൽ ഒരു വട്ടം പോലും ലാലേട്ടന്‍ ഇടപെട്ടിട്ടില്ല. ഇത്രയും കഴിവുള്ള വ്യക്തി എനിക്ക് ആ സ്വാതന്ത്ര്യം തന്നിരുന്നുവെന്ന് ഓര്‍ക്കുമ്പോൾ കണ്ണ് നിറഞ്ഞുപോവുന്നു. 

ഡയറക്റ്റഡ് ബൈ മോഹൻലാൽ എന്ന് എഴുതി കാണിച്ചപ്പോൾ ഞാന്‍ വികാരാധീനനായിപ്പോയി. ലാലേട്ടന്‍റെ ഈ സംരംഭത്തിൽ ഒരുപാടു സന്തോഷം. മമ്മൂക്കയും ലാലേട്ടനും നമ്മുടെ ഷോട്ടുകളിൽ അസ്വാഭാവികമായി ഇടപെടാറേയില്ല.'' മേജർ രവി പറഞ്ഞു.  

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബാറോസ് ഇന്നാണ് റിലീസ് ചെയ്തത്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ട ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ബറോസ് നിർമ്മിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡി യര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കിയത്.

ENGLISH SUMMARY:

Major Ravi spoke about Barroz and Mohanlal