'ബറോസും ആയിരം കുട്ടികളും' ചിത്രരചനാമത്സരത്തിന്റെ സമാപനവേദിയിൽ സംസാരിച്ചുകൊണ്ടിരിക്കവേ, ഒരു കൊച്ചുമിടുക്കി ലാലേട്ടനോട് ഒരു ചോദ്യം ചോദിച്ചു. അല്പനേരത്തേക്ക് ലാലേട്ടന്റെ ഉത്തരം മുട്ടിപ്പോയ ഒരു കിടിലൻ ചോദ്യം. 'പത്താം ക്ലാസിൽ ലാലേട്ടന് എത്ര മാർക്ക് ഉണ്ടായിരുന്നു' - ഇതായിരുന്നു വിദ്യാർത്ഥിനിയുടെ ചോദ്യം.
അങ്ങനെ തന്റെ പത്താം ക്ലാസിലെ മാർക്ക് മോഹൻലാൽ വെളിപ്പെടുത്തി. ''കൃത്യമായ മാർക്ക് എനിക്ക് ഓർമയില്ല. എന്തായാലും 10ൽ ജയിച്ചു. എനിക്ക് ഒരു 360 മാർക്ക് ഉണ്ടായിരുന്നുവെന്നാണ് തോന്നുന്നത്. ഇന്നത്തെ പോലെ പ്ലസ്ടുഒന്നുമല്ലല്ലോ. പത്താംക്ലാസ് കഴിഞ്ഞാൽ നേരെ പ്രീ ഡിഗ്രി പഠിക്കാൻ കോളേജിലേക്ക് പോകും. പത്ത് പാസാകാതെ കോളജിൽ ചേരാൻ പറ്റില്ലല്ലോ. പഠിപ്പിച്ച എല്ലാ അദ്ധ്യാപകരെയും എനിക്ക് വളരെ ഇഷ്ടമാണ്. ഇടയ്ക്ക് ചിലരെ കാണാറുണ്ട്. ചിലരൊക്കെ ലോകം വിട്ടുപോയി. അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടായിരുന്നുവെങ്കിലും, ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു ഞാൻ. എല്ലാവർക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു. ',- മോഹൻലാൽ കുട്ടിക്ക് മറുപടി നൽകി.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബാറോസ് ഇന്നാണ് റിലീസ് ചെയ്തത്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ട ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ബറോസ് നിർമ്മിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കിയത്.