ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’യെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രശംസ ഇതിന് മുമ്പ് ഒരു സിനിമയ്ക്കും കേട്ടിട്ടില്ലെന്ന് രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചു. ചിത്രം കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നെന്നും ഉണ്ണി മുകുന്ദനാല്‍ താന്‍ കൊല്ലപ്പെടില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും നടനെ ടാഗ് ചെയ്ത് രാംഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചു.
കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. പലയിടങ്ങളിലും ചിത്രത്തിന് അധിക ഷോകളുമുണ്ടായി. ഹിന്ദി പതിപ്പിന് പിന്നാലെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക.