ഉണ്ണിമുകുന്ദന്‍ നായകനായ പുതിയ സിനിമ മാര്‍ക്കോയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിര്‍മാതാക്കളുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വ്യാജപതിപ്പിന്‍റെ പ്രചാരണം നടന്നത്. പ്രൈവറ്റ് മെസേജയച്ചാല്‍ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു പോസ്റ്റ്.
ഈ പോസ്റ്റിന്‍റെ വിശദാംശങ്ങള്‍ സഹിതമാണ് നിര്‍മാതാക്കളില്‍ ഒരാളായ മുഹമ്മദ് ഷെരീഫ് പരാതി നല്‍കിയത്. സെറ്റ് ടോക്കര്‍ എന്ന അക്കൗണ്ട് വഴിയാണ് സിനിമ പ്രചരിപ്പിച്ചത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഈ അക്കൗണ്ട് അപ്രത്യക്ഷമായി.
ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തിലെ ജഗദീഷിന്‍റെയും അഭിമന്യുവിന്‍റെയും പ്രകടനങ്ങളും കയ്യടി നേടുന്നുണ്ട്. നടൻ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ്. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്.
ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തിയ 'മാർക്കോ'യുടെ സംഗീതമൊരുക്കിയത് 'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.