മലയാള സിനിമയിലെ റിവ്യുവിനെ പറ്റി സംസാരിച്ച് സംവിധായകൻ ചിദംബരം. സിനിമയെ പറ്റി സംസാരിക്കുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകുന്നത് നല്ലതല്ലെന്ന് ചിദബരം പറയുന്നു. സമീപകാലത്ത് ഉണ്ണി മുകുന്ദനും സോഷ്യൽ മീഡിയ താരമായ സീക്രട്ട് ഏജന്‍റും തമ്മിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിദംബരം സംസാരിക്കുന്നത്. സിനിഉലകം എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംവിധായകരായ വെങ്കട് പ്രഭു, പാ രഞ്ജിത്ത്, രാജ് കുമാർ, നിതിലൻ, പാരി, ചിദംബരം എന്നിവർ ചേർന്നുള്ള അഭിമുഖത്തിലാണ് ചിദംബരം സംസാരിച്ചത്.
റിവ്യു സിവിമയുടെ ബോക്സോഫീസ് വിജയത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. റിവ്യു ചെയ്യുന്നവർ എന്ത് പറയുമെന്ന് ചിന്തിച്ചല്ല സിനിമ ഉണ്ടാക്കുന്നതായിരുന്നു ചിദംബരത്തിന്‍റെ മറുപടി.
'റിവ്യു പുതിയതല്ല. മൂന്ന് ദിവസം മുൻപ് ഒരു ന്യൂസ് പേപ്പർ ആർട്ടിക്കിൾ കണ്ടു 1940 കാലത്തുള്ളതാണ്. ബാലൻ എന്ന സിനിമയെ പറ്റിയുള്ള റിപ്പോർട്ട് ആണ്. അതിലും റിവ്യു ഉണ്ട്. ഛായാഗ്രഹണം പോരാ കേരളത്തിൻറെ തനത് ഭംഗിയില്ല എന്നിങ്ങനെയുള്ള വിമർശം ആ റിപ്പോർട്ടിലുണ്ട്. ആദ്യ കാലം മുതലെ സിനിമ റിവ്യു ഉണ്ട്' എന്നായിരുന്നു ചിദംബരം പറഞ്ഞത്.
നിലവിലെ റിവ്യു രീതിയെ പറ്റിയും ചിദംബരം സംസാരിക്കുന്നു. 'സോഷ്യൽ മീഡിയ റിവ്യുവിൽ അവതരണമാണ് കാഴ്ചക്കാർ ഇഷ്ടപ്പെടുന്നത്. ചെറിയ ടോക്സിക്കായ സംസാര രീതി അവർ ഇഷ്ടപ്പെടുന്നു. സിനിമ റിലീസായി കഴിഞ്ഞാൽ അതൊരു പബ്ലിക്കിലാണ്, സിനിമയെ പറ്റി ആർക്കും എന്തും പറയാം. പലതും വ്യക്തിപരമായ ആക്രമണമാണ്. അത് ശരിയല്ല ആർട്ട് വർക്കിനെ കീറിമുറിക്കാം. സിനിമ മോശമായാലും നന്നായാലും അതിന് പിന്നാലെ അധ്വാനം ഒന്നാണ്' എന്നും ചിദംബരം പറയുന്നു.
ഉണ്ണി മുകുന്ദനും സീക്രട്ട് ഏജന്‍റുമായുള്ള വിഷയത്തെ പറ്റിയും ചിദബരം അഭിമുഖത്തിൽ സംസാരിച്ചു. 'മലയാളത്തിൽ ഒരു താരത്തെ റിവ്യൂവർ സ്ഥിരമായി ആക്രമിക്കുകയാണ്. താരം റിവ്യൂവറെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. നിങ്ങളെ പറ്റി പറഞ്ഞാൽ അരി വാങ്ങാന് പറ്റുമെന്നായിരുന്നു മറുപടി, എന്നാൽ ചെയ്തോ എന്ന് താരവും മറുപടി നൽകി', ഉണ്ണി മുകന്ദന്‍റെയും സീക്രട്ട് ഏജന്‍റിന്‍റെയും പേര് പറയാതെയായിരുന്നു ചിദംബരത്തിന്‍റെ വാക്കുകൾ.
നേരത്തെ ഒരു അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പറഞ്ഞത്. യൂട്യൂബറെ വിളിച്ച് ചോദിച്ചപ്പോൾ അരിവാങ്ങാനാണ് തന്നെ പറ്റി പറയുന്നത് എന്നാണ് പറഞ്ഞത്, അന്നത്തിന് വേണ്ടിയണിതെന്ന് പറഞ്ഞാൽ അതിനെ ബഹുമാനിക്കണം. നിങ്ങളെ ഏത് രീതിയിൽ ബാധിച്ചാലും എനിക്ക് പ്രശ്നമില്ലെന്നാണ് യൂട്യൂബർ പറഞ്ഞത്. എൻറെ തെറികേട്ട് അരിവാങ്ങുകയാണെങ്കിൽ വാങ്ങികോട്ടെ എന്നാണ് ഉണ്ണി മുകുന്ദന്റെ വാക്കുകൾ.