സിനിമയിലെ യുവഛായാഗ്രാഹക കെ ആര്‍ കൃഷ്ണ മരിച്ചു. കശ്മീരില്‍ സിനിമാഷൂട്ടിങ്ങിനിടെ ശ്വാസകോശത്തില്‍ അണുബാധ വന്നാണ് മരണം. 30 വയസായിരുന്നു. കൃഷ്ണ ഒരുമാസം മുന്‍പാണ് നാട്ടില്‍ നിന്നും ഷൂട്ടിങ്ങിനായി പോയത്. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വര്‍ഗീസാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. സാനുവിന്റെ അസോഷ്യേറ്റായി പ്രവര്‍ത്തിക്കുകയായിരുന്നു കൃഷ്ണ.
രാജസ്ഥാന്‍, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനുശേഷം ജമ്മുകശ്മീരില്‍ ഷൂട്ടിങ് പുരോഗമിക്കവെയാണ് അണുബാധ ഉണ്ടായത്. ഡിസംബര്‍ 23ന് ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് ശ്രീനഗര്‍ ഗവ.മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നു വാര്‍ഡിലേക്ക് മാറ്റാനിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് മരണം എന്നാണ് വിവരം.
മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ഛായാഗ്രാഹക സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൃഷ്ണ ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹഛായാഗ്രാഹകയായിരുന്നു. ബേസില്‍ ജോസഫ് ചിത്രം പൊന്‍മാനിലാണ് ഒടുവില്‍ മലയാളത്തില്‍ പ്രവര്‍ത്തിച്ചത്. കോവിഡിനു മുന്‍പ് ദുബായിലും സ്വതന്ത്ര ഛായാഗ്രാഹകയായി പ്രവര്‍ത്തിച്ചിരുന്നു. പരസ്യചിത്രങ്ങളിലും കൃഷ്ണ പ്രവര്‍ത്തിച്ചിട്ടുണ്ട്..ഡബ്ല്യുസിസി അംഗമാണ് കൃഷ്ണ. കൃഷ്ണയുടെ അകാലവിയോഗം സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മക്കും ചലച്ചിത്രരംഗത്തിനും തീരാനഷ്ടമാണെന്ന് ഡബ്ല്യുസിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പെരുമ്പാവൂരിലും കുറുപ്പംപടിയിലും ഗിന്നസ് സ്റ്റുഡിയോ നടത്തിയിരുന്ന മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പ്രം വീട്ടില്‍ രാജന്റേയും ഗിരിജയുടേയും മകളാണ് കൃഷ്മ. സഹോദരന്‍ ഉണ്ണി വിവരമറിഞ്ഞ് കശ്മീരിലെത്തിയിട്ടുണ്ട്. ഇന്നു വൈകിട്ട് മൃതദേഹം കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും. സംസ്കാരം നാളെ നടക്കും. കണ്ണന്‍ എന്നൊരു സഹോദരന്‍ കൂടി കൃഷ്ണയ്ക്കുണ്ട്.