ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട 22കാരൻ അമർ ഇബ്രാഹിമിന് നീറുന്ന നെഞ്ചുമായി നാട് വിട നൽകി. നാല് പതിറ്റാണ്ടിന് ശേഷം കാട്ടാനയുടെ ആക്രമണം വീണ്ടുമുണ്ടാവുകയും ആദ്യമായി മനുഷ്യ ജീവൻ നഷ്ടമാവുകയും ചെയ്തതിന്റെ ആശങ്കയിലും ഭീതിയിലുമാണ് മുള്ളരിങ്ങാട്. അടിയന്തര നടപടി ആവശ്യപ്പെട്ട് വണ്ണപ്പുറം പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും എൻഡിഎയും ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. അമറിന്‍റെ കുടുംബത്തിന് പ്രഖ്യാപിച്ച സഹായധനത്തിൽ ആദ്യ ഗഡുവായി 4 ലക്ഷം രൂപ കൈമാറി.

ഹൃദയം പിളരുന്ന വേദനയോടെ തേങ്ങിക്കരഞ്ഞ് ഇബ്രാഹിം മകന്‍റെ കബറിൽ അവസാനമായ് ഒരുപിടി മണ്ണിട്ടു. ഒരു നിർധന കുടുംബത്തിന്‍റെ പ്രതീക്ഷകളുടെ അസ്തമയം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അമർ ഇബ്രാഹിമിനെയും സുഹൃത്ത് മൻസൂറിനെയും കാട്ടാന ആക്രമിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. മൻസൂർ പരുക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വനത്തിന് അടുത്താണ് അമറിന്റെ വീട്. കൂലിപ്പണിക്കാരനായ പിതാവും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്നു അമർ. കാരിക്കോട് താലൂക്ക് ആശുപത്രിയിൽ നിന്ന് പുലർച്ചെ മൂന്നു മണിയോടെ അമറിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. നിറ കണ്ണുകളോടെ നാട് യാത്രാമൊഴി ചൊല്ലി.

മന്ത്രി റോഷി അഗസ്റ്റിനും എംപി ഡീൻ കുര്യാക്കോസും അടക്കം ജനപ്രതിനിധികൾ അന്ത്യാഞ്ജലി അർപ്പിച്ചു. മുള്ളരിങ്ങാട് ജുമാ മസ്ജിദിൽ കബറടക്കം. പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്.