ഉണ്ണി മുകുന്ദന്‍റെ നേട്ടത്തില്‍ താനേറെ സന്തോഷവാനെന്ന് നടന്‍ ടൊവിനോ തോമസ്. ഉണ്ണി ഒരുപാട് അധ്വാനിച്ച് നേടിയതാണ് ഈ നേട്ടമെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഐഡന്‍റിറ്റി'യുടെ റിലീസ് ദിനത്തില്‍ ആദ്യ ഷോ കാണാനെത്തിയപ്പോഴാണ് മാര്‍ക്കോ സിനിമയെക്കുറിച്ചുളള താരത്തിന്‍റെ പ്രതികരണം. ഐഡന്‍റിറ്റി കണ്ടിറങ്ങവേ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.
ഉണ്ണി മുകുന്ദന്‍ മാര്‍ക്കോയിലൂടെ ഉയരങ്ങള്‍ കീഴടക്കുകയാണ്. സുഹൃത്തിന്‍റെ ഈ നേട്ടത്തില്‍ എന്തുതോന്നുന്നു എന്നായിരുന്നു ടൊവിനോയോടുളള ചോദ്യം. അതിന് താരത്തിന്‍റെ മറുപടി ഇങ്ങനെ. 'ഭയങ്കര സന്തോഷമാണ് ഞങ്ങള്‍ എന്നും സംസാരിക്കുന്ന ആളുകളാണ്. ഞാന്‍ വളരെ ഹാപ്പിയാണ്. ഉണ്ണി അത് ഒരുപാട് കാലമായി ആഗ്രഹിക്കുന്ന കാര്യമാണ്. അതിനുവേണ്ടി അത്ര അധ്വാനിച്ചിട്ടുളള ആളാണ്. ഉണ്ണിയുടെ സന്തോഷം എന്‍റെ കൂടെ സന്തോഷമാണ്. ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഇന്നലെകൂടി ഞാനും ഉണ്ണിയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങള്‍ റിലീസിന് മുന്‍പേ ഇതെക്കുറിച്ച് സംസാരിച്ചിട്ടുളള ആളുകളാണ്. ഉണ്ണി അത് അച്ചീവ് ചെയ്തതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്' എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. എന്നാല്‍ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ തരംഗം തീര്‍ക്കുകയാണ്. മികച്ച കലക്ഷനും പ്രേക്ഷകസ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിച്ചത്. ഉണ്ണി മുകുന്ദന്‍റെ അഭിനയത്തിനും നിറഞ്ഞ കയ്യടി. മാര്‍ക്കോയെയും ഉണ്ണി മുകുന്ദനെയും ആശംസകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ ലോകം.
അതേസമയം ടൊവിനോ തോമസ് നായകനായെത്തി ഐഡന്റിറ്റി എന്ന ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഐഡന്റിറ്റിക്കുണ്ട്.