രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെ പ്രതിസന്ധിയിലാക്കിയ ബൊഫോഴ്സ് കേസ് അടിസ്ഥാനമാക്കി എഴുതിയ പുസ്തകം വിവാദമാകുന്നു. ഇടനിലക്കാരന്‍ ഒട്ടാവിയോ ക്വത്‌റോക്കിക്ക് കോടികളുമായി രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരെന്ന് മാധ്യമപ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യം എഴുതിയ പുസ്തകം പറയുന്നു. ബൊഫോഴ്സ് ഗേറ്റെന്ന പുസ്തകത്തെക്കുറിച്ച് ചിത്ര സുബ്രഹ്മണ്യം മനോരമ ന്യൂസിനോട് സംസാരിക്കുന്നു.
കാര്‍ഗില്‍ യുദ്ധം ജയിക്കുന്നതില്‍ നിര്‍ണായകമായ സ്വീഡിഷ് കമ്പനി ബൊഫോഴ്സിന്‍റെ പീരങ്കി ഇന്ത്യ വാങ്ങിയതിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. 1437 കോടി രൂപയുടെ ഇടപാടില്‍ 18 ശതമാനം കോഴ നല്‍കിയെന്ന കേസ് അന്വേഷിക്കാന്‍ സിബിഐക്ക് ഇപ്പോഴും താല്‍പ്പര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യം. ഇടനിലക്കാരന്‍ ഒട്ടാവിയോ ക്വത്‌റോക്കിയെ രക്ഷിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍. അമിതാഭ് ബച്ചനെ കേസില്‍ കുടുക്കാനും അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചു. പത്രവാര്‍ത്തയായി വരുന്നതിന് മുന്‍പേ തനിക്ക് വാര്‍ത്ത നല്‍കിയവരെക്കുറിച്ചും റിപ്പോര്‍ട്ടിനെക്കുറിച്ചും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അറിഞ്ഞെന്നും ചിത്രയുടെ ആരോപണം.
വിദേശ ഏജന്‍സികള്‍ ഇന്ത്യയ്ക്ക് നല്‍കിയ രഹസ്യരേഖകള്‍ ഇന്നും വെളിച്ചം കണ്ടിട്ടില്ല. ബൊഫോഴ്സിലെ അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ രാജ്യത്ത് കോളിളടക്കം സൃഷ്ടിച്ച ചിത്ര സുബ്രഹ്മണ്യം ഇന്ന് കുടുംബത്തോടൊപ്പം സ്വിറ്റ്സര്‍ലന്‍ഡിലാണ് താമസിക്കുന്നത്. ഒരിടവേളയ്ക്കുശേഷം ചിത്ര സുബ്രഹ്മണ്യത്തിന്‍റെ ബുക്കിലൂടെ ബോഫോഴ്സ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.