മോഹന്‍ലാല്‍–പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ എമ്പുരാന്‍ റിലീസിനോട് അടുക്കുമ്പോള്‍ ചിത്രത്തെ പറ്റി ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവക്കുകയാണ് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ആശീർവാദ് സിനിമാസിന് ഇന്ന് ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ ഒരു കാരണം ലൂസിഫറിന്റെ വിജയമാണെന്നും തങ്ങളെ ഇത്രയും ഉയരങ്ങളിലേക്ക് ഉയർത്തിയ ഈ ബന്ധത്തിനും സൗഹൃദത്തിനും നന്ദിയുള്ളവനാണെന്നും ആന്‍റണി പറഞ്ഞു. ഒരു സംവിധായകൻ എന്ന നിലയിൽ ആരാധകർ ആഗ്രഹിക്കുന്നതുപോലെ മോഹൻലാൽ എന്ന നടനെ എങ്ങനെ അവതരിപ്പിക്കണമെന്ന് പൃഥ്വിരാജിന് നന്നായി അറിയാമെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
ആന്‍റണി പെരുമ്പാവൂരിന്റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:
'ആശിർവാദ് സിനിമാസിന്റെ 24-ാമത് നിർമാണ സംരംഭമായ ലൂസിഫർ ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന അധ്യായമായി നിലകൊള്ളുന്നു. വർഷങ്ങളായി ഞാനും ലാൽ സാറും എണ്ണമറ്റ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷമാണ് ലൂസിഫർ വരുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ആ പ്രോജക്റ്റ് ഞങ്ങൾ അതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. പൃഥ്വിരാജും മുരളി ഗോപിയും ഒരുമിച്ച ആ ചിത്രം മലയാള സിനിമയെ അത്യുന്നതങ്ങളിൽ എത്തിച്ചു. വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള പ്രതിഭകളുടെ ഉറവിടമാണ് നമ്മുടെ ഈ കൊച്ചു മലയാള സിനിമാ മേഖലയെന്ന് അവർ ഒരുമിച്ച് ഇന്ത്യൻ സിനിമാ ലോകത്തിന് കാണിച്ചുകൊടുത്തു.
തുടക്കംതൊട്ടേ ലാൽ സാറിനും പൃഥ്വിരാജിനും എനിക്കും ഇടയിൽ ലൂസിഫർ കെട്ടിപ്പടുത്ത സാഹോദര്യവും സൗഹാർദവും പിന്നീട് ബ്രോ ഡാഡിയിലെത്തുകയും ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാനെ രൂപപ്പെടുത്തുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ആശീർവാദ് സിനിമാസിന് ഇന്ന് ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ ഒരു കാരണം ലൂസിഫറിന്റെ വിജയമാണ്. ഞങ്ങളെ ഇത്രയും ഉയരങ്ങളിലേക്ക് ഉയർത്തിയ ഈ ബന്ധത്തിനും സൗഹൃദത്തിനും ഞാൻ നന്ദിയുള്ളവനാണ്.
ഒരു സംവിധായകൻ എന്ന നിലയിൽ ആരാധകർ ആഗ്രഹിക്കുന്നതുപോലെ മോഹൻലാൽ എന്ന നടനെ എങ്ങനെ അവതരിപ്പിക്കണമെന്ന് പൃഥ്വിരാജിന് നന്നായി അറിയാം. ലാൽ സാറിന്റെ ഏറ്റവും വലിയ ആരാധകൻ എന്ന നിലയിൽ ലൂസിഫർ എനിക്ക് ഒരു ദൃശ്യവിരുന്നുതന്നെ ആയിരുന്നു. എന്നെപ്പോലെ ലാൽ സാറിനോട് അളവറ്റ സ്‌നേഹവും ബഹുമാനവുമുള്ള പൃഥ്വിരാജ്, മുരളി ഗോപി എന്നീ സുഹൃത്തുക്കളെ കണ്ടെത്തിയതിൽ ഞാൻ ഭാഗ്യവാനാണ്.
നിരവധി അവിസ്മരണീയമായ ചിത്രങ്ങൾ ആശിർവാദ് സിനിമാസ് നിർമിച്ചപ്പോൾ, മലയാള സിനിമാലോകത്ത് റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് പറന്ന് ഞങ്ങളുടെ യാത്രയെ ഉയരത്തിൽ എത്തിച്ചത് ലൂസിഫറാണ്. പൃഥ്വിരാജ് ഇതുവരെ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ആശീർവാദ് ബാനറിൽ ആണെന്നത് ഞങ്ങൾ പങ്കിടുന്ന അചഞ്ചലമായ സൗഹൃദത്തിന്റെ തെളിവാണ്. പ്രിയപ്പെട്ട ലാൽ സാറിനും രാജുവിനും മുരളിക്കും ലൂസിഫറിന്റെ മുഴുവൻ ടീമിനും ഈ യാത്രയുടെ ഭാഗമായതിന് നന്ദി പറയുന്നു'