asif-ali-and-honeyrose

ഹണി റോസിനെതിരായ ദ്വയാര്‍ഥ അധിക്ഷേപത്തില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. ബുദ്ധിമുട്ടെന്ന് അറിയിച്ചതിനുശേഷവും പരാമര്‍ശം ആവര്‍ത്തിക്കുന്നത് മോശമാണെന്നും അശ്ലീല പ്രയോഗങ്ങൾ വായിക്കുന്നവർക്ക് തമാശയായി തോന്നാമെങ്കിലും അനുഭവിക്കുന്നവർക്ക് ബുദ്ധിമുട്ടാണെന്ന് ഹണി റോസിനെ പിന്തുണച്ച് നടൻ ആസിഫ് അലി മനോരമ ന്യൂസിനോട് പ്രതികരിച്ചു.

'ഇങ്ങനെ ചെയ്യുന്നത് വളരെ മോശമാണ്, സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പോലും മറ്റൊരാളെ അസ്വസ്ഥതപ്പെടുത്തുന്ന തമാശകള്‍ നമ്മള്‍ ഒഴിവാക്കാറുണ്ട്. അങ്ങനെയെന്തെങ്കിലും പറഞ്ഞ് ഒരാള്‍ക്ക് വിഷമമായാല്‍ നമ്മള്‍ മാപ്പ് പറയാറുമുണ്ട്. അത്തരത്തില്‍ ബുദ്ധിമുട്ടെന്ന് അറിയിച്ചതിനുശേഷവും പരാമര്‍ശം ആവര്‍ത്തിക്കുന്നതും ഇതൊരു ഐഡന്‍റിറ്റിയായി കൊണ്ടുനടക്കുകയും ചെയ്യുന്നതും വളരെ മോശമാണ്. ബോഡിഷെയിം ചെയ്യുകയും ദ്വയാര്‍ഥത്തില്‍ അധിക്ഷേപിക്കുകയും ചെയ്തിട്ട് അത് വിഷമം ഉണ്ടാക്കുന്നുണ്ടെന്ന് ഹണി റോസ് പറഞ്ഞതിന് ശേഷം അത് ഓണ്‍ലൈനിലൂടെ വീണ്ടും ചെയ്യുന്നത് തെറ്റാണ്. കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും തമാശയായി തോന്നാം, അനുഭവിക്കുന്നവര്‍ക്ക് അത് ബുദ്ധിമുട്ടാണ്. അത് ന്യായികരിക്കാന്‍ കഴിയില്ല' - ആസിഫ് അലി.

വസ്ത്രധാരണത്തിന്‍റെ പേരിൽ തനിക്കെതിരെ അശ്ലീല പരാമർശം നടത്തുന്നവർക്കെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി നടി ഹണി റോസ് രംഗത്തുവന്നിരുന്നു. നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും അശ്ലീലം പറഞ്ഞാൽ നിയമവഴികൾ തേടുമെന്നും ഹണി വ്യക്തമാക്കി. നവമാധ്യമങ്ങളിൽ അടക്കം ഹണിക്ക് പിന്തുണയേറുന്നതിനിടെ അശ്ലീല പരാമർശങ്ങളെ താരസംഘടനയായ അമ്മയും അപലപിച്ചു.

ഓരോരുത്തരുടെയും ചിന്തകളിൽ സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിന് താൻ ഉത്തരവാദിയല്ലെന്ന് ഉറക്കെ പറഞ്ഞാണ് വസ്ത്രധാരണത്തിൽ തന്നെ അശ്ലീലം പറഞ്ഞാൽ നിയമവഴികൾ തേടുമെന്ന് ഫെയ്സ്ബുക്കിൽ ഹണി വ്യക്തമാക്കിയത്. എന്നാൽ തന്‍റെ വസ്ത്രധാരണത്തെ വിമർശിക്കുകയും തമാശ പറയുകയും ചെയ്യാം. ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കുമായാണ് യുദ്ധം പ്രഖ്യാപിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു.

ഇതിനിടെ ഹണിക്ക് നവമാധ്യമങ്ങളിൽ അടക്കം പരസ്യ പിന്തുണയുമായി ഒട്ടേറെ പേർ എത്തി. ഹണിറോസിനെതിരായ അശ്ലീല പരാമർശങ്ങളെ അപലപിച്ച താരസംഘടനയായ അമ്മ സ്ത്രീത്വത്തെയും തൊഴിലിനെയും അപലപിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. ആവശ്യമെങ്കിൽ ഹണിറോസിന് നിയമസഹായത്തിന് വഴിയൊരുക്കുമെന്നും താരസംഘടന അറിയിച്ചു.

തന്നെക്കുറിച്ച് അശ്ലീലം പറഞ്ഞയാൾക്ക് പരസ്യമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ നടിക്കെതിരെ നവമാധ്യമങ്ങളിൽ ചിലർ രൂക്ഷമായ ആക്രമമാണ് നടത്തിയത്. നടിയുടെ പരാതിയിൽ അശ്ലീലം പറഞ്ഞ 30 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.