നടി ഹണി റോസിന് നേരെയുള്ള അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള നിയമപോരാട്ടത്തിന് പിന്തുണ അറിയിച്ച് ഒട്ടേറെ പേരാണ് എത്തുന്നത്. ഇപ്പോഴിതാ അത്തരമൊരു കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സ്ഥിരമായി വഷളത്തരങ്ങൾ എഴുന്നള്ളിക്കുന്നയാള്‍ക്കെതിരെ ധൈര്യപൂര്‍വം നിയമനടപടിക്കൊരുങ്ങുന്ന ഹണിറോസിനെ പ്രശംസിക്കുന്നതാണ് കുറിപ്പ്.
അനാവശ്യം കാണിക്കുകയോ പറയുകയോ ചെയ്യുമ്പോൾ തൽക്ഷണം പൊട്ടിത്തെറിക്കുന്ന രീതിയിൽ നിർമ്മിച്ച ബോംബുകളൊന്നുമല്ല സ്ത്രീകള്‍. മുന്നിലുള്ള ജനക്കൂട്ടം, അവര്‍ ഏറ്റെടുത്തിരിക്കുന്ന പരിപാടി , അതേ തുടര്‍ന്നുണ്ടാകുന്ന ഭൂകമ്പങ്ങള്‍ ഇത്തത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ പ്രതികരണത്തിന് മുമ്പ് അവര്‍ക്ക് ചിന്തിക്കേണ്ടിവരും. എന്നുകരുതി എല്ലാം അവരങ്ങ് ആസ്വദിച്ച് സുഖിച്ചിട്ടുണ്ട് എന്ന് ധരിക്കരുത് . എല്ലാവരും ജാൻസിറാണിമാരൊന്നുമല്ല എന്നൊന്ന് ഓർത്താൽ മതിയെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ശ്രീകല ദേവയാനം എന്ന അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഹണി റോസ്, അവർ ഒരു നടിയാണ്. സൗന്ദര്യവും ആകാര ഭംഗിയും ഉണ്ട്. അവർ അതിനെ മാർക്കറ്റ് ചെയ്യുന്നുണ്ട്. സിനിമയ്ക്ക് പുറമേ നിരവധി ഉദ്ഘാടനങ്ങളിൽ അവർ പങ്കെടുക്കുന്നു. അവരുടെ സൗന്ദര്യത്തെ പ്രൊജക്റ്റ് ചെയ്തു കാണിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ഒക്കെത്തന്നെയാണ് അവർ ഉപയോഗിക്കുന്നത്. അവരുടെ ജോലിക്ക് അത് ചിലപ്പോൾ ആവശ്യമായേക്കാം. അവരെ വിളിക്കുന്ന ആളുകൾക്കും അതാണ് വേണ്ടത് . അല്ലങ്കിൽ പിന്നെ ഇതൊന്നുമല്ലാത്ത വേറൊരു സ്ത്രീയെ വിളിച്ചാൽ പോരെ. എന്നുവെച്ചാൽ കേരളത്തിലുള്ള ഭൂരിഭാഗം പുരുഷന്മാരും ഇതൊക്കെ വല്ലാണ്ടങ്ങ് ആർത്തിപിടിച്ച് കാണാൻ കൊതിക്കുന്ന ഞരമ്പന്മാരാണെന്ന് ഏറെക്കുറെ എല്ലാവരും കരുതുന്നുണ്ടെന്ന്.
അവർക്കുള്ളതിനെ ഉപയോഗിച്ചോ പൊലിപ്പിച്ചു കാണിച്ചോ, മറ്റൊരാൾക്കും ഉപദ്രവമില്ലാതെ അവർ ജീവിക്കുന്നു. ആരുടേയും പ്രൈവറ്റ് സ്പെസിലേക്ക് ഇതൊന്നു കാണൂ എന്ന് പറഞ്ഞ് വരുന്നുമില്ല, ഒന്നിനും നിർബന്ധിക്കുന്നും ഇല്ല. എങ്കിലും സൈബർ ഇടങ്ങളിലെ മാന്യന്മാർ എന്നറിയപ്പെടുന്ന ഒരുകൂട്ടം മനുഷ്യർ അവരെ കാണുന്നിടങ്ങളിലെല്ലാം കമന്റുകൾ കൊണ്ട് പൊങ്കാലയിടാറുണ്ട്. അവർ അത് കണ്ടെന്നു നടിക്കുന്നേയില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ അവരുടെ തൊഴിലുമായി മുന്നോട്ടു പോകുന്നു. ഇന്‍റർവ്യൂകൾ കാണുമ്പോൾ കരുതാറുണ്ട്, എത്ര മര്യാദപരമായിട്ടാണ് അവർ ഇത്തരത്തിലുള്ള വിമർശനങ്ങളെ സമീപിക്കുന്നത് എന്ന്.
ഇപ്പോൾ ഹണി റോസിന് ഒരാളുടെ പെരുമാറ്റങ്ങളിൽ നിന്നും സമീപനങ്ങളിൽ നിന്നും ഉണ്ടായ പ്രയാസം തുറന്നുപറയുന്നു. ആളുകൾ കൂടുന്നിടത്ത് ആളാകാൻ വേണ്ടി ഏതെങ്കിലും ഒരുത്തൻ ദ്വയാർത്ഥ പ്രയോഗം നടത്തി, തന്നെ പരാമർശിച്ചാൽ ഉടൻ അതിനു പ്രതികരിച്ച് നല്ലപിള്ള ആണന്നു തെളിയിച്ചിരിക്കണം എന്നാണ് നിഷ്‌ക്കളങ്കരായ ചിലരുടെ പറച്ചിൽ.
അനാവശ്യം കാണിക്കുകയോ പറയുകയോ ചെയ്യുമ്പോൾ തൽക്ഷണം പൊട്ടിത്തെറിക്കുന്ന രീതിയിൽ നിർമ്മിച്ചു വെച്ചിരിക്കുന്ന ബോംബുകൾ ഒന്നുമല്ല എല്ലാ സ്ത്രീകളും. അവരെപ്പോലെയൊരാൾക്ക് മുന്നിൽ നിൽക്കുന്ന ജനക്കൂട്ടം , അവർ ഏറ്റെടുത്തു വന്നിരിക്കുന്ന പരിപാടി, അതിനു ശേഷം സംഭവിക്കുന്ന ഭൂകമ്പങ്ങൾ, പരിപാടി ഏൽപ്പിച്ചിരിക്കുന്ന ആളുകൾ ഇങ്ങനെ ഇങ്ങനെ അനേകം കാര്യങ്ങൾ അവർക്കു ചിന്തിക്കേണ്ടിവരും. പ്രശ്നങ്ങൾ ഉണ്ടാകുന്നതോ അതിന്റെ ഭാഗമായി ചർച്ചചെയ്യപ്പെടുന്നതോ ബുദ്ധിമുട്ടുള്ള ഒരാളാണ് അവരെങ്കിൽ ഉറപ്പായും സാധാരണപോലെ പുഞ്ചിരിയോടുകൂടിത്തന്നെ ആ പരിപാടിയിൽ പങ്കെടുത്ത് മടങ്ങേണ്ടി വന്നെന്നുമിരിക്കും . എന്നുകരുതി എല്ലാം അവരങ്ങ് ആസ്വദിച്ച് സുഖിച്ചിട്ടുണ്ട് എന്ന് ധരിക്കരുത്. മറിച്ച് എല്ലാവരും അങ്ങ് ജാൻസിറാണിമാരൊന്നും അല്ല എന്നൊന്ന് ഓർത്താൽ മതി.
ഒരു സ്ത്രീ പാഡ് വെച്ച ബ്രായോ, പാന്‍റീസോ ഇട്ടു കണ്ടു എന്ന് കരുതി ഏതൊരുത്തനും എന്തുമാകാം എന്നില്ല. കണ്ടിട്ട് തീരെ സഹിക്കാൻ പറ്റുന്നില്ല എങ്കിൽ നിങ്ങൾ ഉപയോഗിക്കേണ്ട. സുഖിക്കാഴിക മറ്റൊരു താരത്തിലാണെങ്കിൽ പ്രീയപ്പെട്ട ആർക്കെങ്കിലും ഓരോന്ന് വാങ്ങിക്കൊടുത്ത് ഇട്ടു കണ്ട് ആശ്വസിക്കൂ . അല്ലാതെ അവൾ അതിടുന്നേ എന്ന് പറഞ്ഞ് മോങ്ങിയിട്ടു കാര്യമില്ല. ഹണി റോസിന്റെ അവയവങ്ങളെ കുറ്റം പറയുകയും, അതിനെയെല്ലാം മനസ്സിൽ ഫ്രയിം ചെയ്തുവെച്ച് കണ്ടു സുഖിക്കുകയും ചെയ്യുന്ന വല്ലാത്തൊരു നന്മ ചില മനുഷ്യർക്കുണ്ട്. ഒരുത്തൻ തന്നെ അപമാനിക്കുന്നു എന്ന് തുറന്നു പറയുമ്പോൾ, അവൾ പാഡ് വെച്ച ബ്രായും പാന്റീസും ഇട്ട് ഉദ്ഘടനത്തിന് പോയിട്ടാണ് എന്ന് ന്യായീകരിക്കുവാനും ഇത്തരം ചില മനുഷ്യർക്ക് കഴിയും.
പിന്നെ ഞാൻ എന്നോട് അരുതായ്മ പറഞ്ഞാൽ, അത് ഏതു സാഹചര്യത്തിലായാലും പോടാ മൈ** എന്ന് പറയും എന്ന് കരുതി, അത് പറയാൻ കഴിയാത്തവർ എല്ലാവരും മോശക്കാരും, ഞാനങ്ങു സൂപ്പർ വുമണും ഒന്നുമല്ല. ഓരോ ആളുകൾക്കും ഓരോ സ്വഭാവവും പെരുമാറ്റരീതികളും ഒക്കെത്തന്നെയാണ്. എന്തായാലും ഹണി റോസ് സ്ഥിരമായി വഷളത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഒരുത്തന് എതിരെ നിയമ നടപടി സ്വീകരിക്കുന്നു എന്ന ധൈര്യത്തെ പ്രശംസിക്കുന്നു. അവർക്ക് അവരുടെ തൊഴിലിടത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ. അവിടെയെല്ലാം അവർക്കു ഇഷ്ടമുള്ള വേഷത്തിൽ സുന്ദരിയായിത്തന്നെ പങ്കെടുക്കുവാൻ കഴിയട്ടെ.