ടൊവിനോയും തൃഷയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രാണ് ഐഡന്‍റിറ്റി. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ മുഴുവന്‍ അഭിനേതാക്കളും പങ്കെടുത്ത പരിപാടിയില്‍ തൃഷയുടെ അസാന്നിധ്യം ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.

‌‘ഈ പ്രമോഷൻ പരിപാടി പ്ലാൻ ചെയ്യുന്ന സമയത്ത് തൃഷ്യ്ക്കൊരു സ്വകാര്യ നഷ്ടം സംഭവിച്ചു. വളരെ സ്‌നേഹത്തോടെ എടുത്തു വളര്‍ത്തിയ വര്‍ഷങ്ങളായി കൂടെയുള്ള വളര്‍ത്തുനായ ആണ് മരണപ്പെട്ടത്. ആ വിഷമത്തില്‍ താന്‍ സിനിമകളുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നെല്ലാം ചെറിയ ഇടവേള എടുക്കുകയാണെന്ന് തൃഷ ഔദ്യോഗികമായി അറിയിച്ചിട്ടുള്ള കാര്യമായിരുന്നു.

ഒരു പെറ്റ് ലൗവർ എന്ന നിലയിൽ തൃഷയുടെ അവസ്ഥ എനിക്ക് തീർച്ചയായും മനസിലാകും. ആ വേദന അനുഭവിച്ചവർ‌ക്ക് മാത്രമേ മനസിലാകൂ. വര്‍ഷങ്ങളോളം സ്‌നേഹിച്ച വളര്‍ത്തുനായ ഇല്ലാതാവുമ്പോഴുള്ള വിഷമം വലിയതാണ്. അത് മനസിലാക്കാതെ ഈ സിനിമയുടെ പ്രൊമോഷന് വന്നേ പറ്റൂ എന്ന് നിര്‍ബന്ധിക്കാന്‍ എനിക്ക് പറ്റില്ല.’- ടൊവിനോ.

‘എന്‍റെ മകന്‍ മരിച്ചു’ എന്നാണ് തന്‍റെ നായക്കുട്ടി സോറോയുടെ വിയോഗത്തെക്കുറിച്ച് തൃഷ പറഞ്ഞിരുന്നത്. 2012ലാണ് സോറോയെ തൃഷയ്ക്ക് ലഭിക്കുന്നത്. അന്നുമുതല്‍ സോറോയ്ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും തനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നുവെന്നാണ് തൃഷ പറയുന്നത്. സോറോയുടെ ചിത്രങ്ങളും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. സോറോയുടെ കുഴിമാടത്തിന്‍റെ ചിത്രങ്ങളും തൃഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോറോയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്ന് കരകയറാന്‍ ചെറിയൊരു ഇടവേള എടുക്കുകയാണെന്നും തൃഷ അറിയിച്ചിരുന്നു.