സംഗീതസംവിധായകൻ എ.ആർ.റഹ്മാനെ വിമർശിച്ച് ഗായകൻ അഭിജിത് ഭട്ടാചാര്യ. കൃത്യനിഷ്ഠ ഇല്ലാത്ത ആളാണ് റഹ്മാനെന്നും പ്രതിഭയുള്ള ആളാണെന്ന് കരുതി എല്ലാ പ്രവൃത്തികളും ക്ഷമിക്കാന്‍ കഴിയില്ലെന്നും അഭിജിത് പറയുന്നു. റഹ്മാനൊപ്പം ഒരുപാട്ടിന് വേണ്ടി മാത്രമാണ് ഒന്നിച്ച് ജോലി ചെയ്തതെന്നും ആ സമയത്ത് ഒരുപാട് നേരം അദ്ദേഹത്തെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും അഭിജിത് വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘മുൻപ് എല്ലാ പ്രമുഖ സംഗീതസംവിധായകരിൽ നിന്നും എനിക്ക് കോളുകൾ വന്നിരുന്നു. അനു മാലിക്, ആനന്ദ്-മിലിന്ദ്, ജതിൻ-ലളിത് തുടങ്ങിയവരൊക്കെ പാട്ടുകൾ പാടാൻ വിളിച്ചുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ ഞാൻ കൂടുതൽ സമയവും ഡബ്ബിങ് തിരക്കിലായിരുന്നു. ഒരു ദിവസം എ.ആർ.റഹ്മാൻ എന്നെ ക്ഷണിച്ചു. ഞാൻ റഹ്മാനെ കാണാൻ പോയി, വളരെ നേരം കാത്തിരുന്നു. എന്നാല്‍ കാണാന്‍ സാധിച്ചില്ല . കുറേകഴിഞ്ഞ് രാവിലെ റെക്കോര്‍ഡ് ചെയ്യാമെന്ന് തീരുമാനിച്ച് മടങ്ങി.
'അന്ന് പുലർച്ചെ 2 മണിക്ക്, സ്റ്റുഡിയോയിലേക്കു വരണമെന്നു പറഞ്ഞ് ഒരു ഫോൺ കോൾ വന്നു. ഞാൻ ഉറങ്ങുകയാണെന്നു പറഞ്ഞ് ഫോൺ വച്ചു. പിറ്റേന്ന് രാവിലെ ഞാൻ പാടാനായി പോയി, പക്ഷേ റഹ്മാൻ അവിടെ ഉണ്ടായിരുന്നില്ല. കൃത്യമായ സമയങ്ങളിൽ ജോലി ചെയ്യുന്ന ശീലം അദ്ദേഹത്തിനില്ല. ചിട്ടയായ രീതിയിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ. സർഗാത്മകതയുടെ പേരിൽ, നിങ്ങൾ 3:33 ന് റെക്കോർഡ് ചെയ്യണമെന്ന് പറഞ്ഞാൽ എങ്ങനെ അംഗീകരിക്കാനാകും? എനിക്ക് അത് മനസ്സിലാകുന്നില്ല. അന്ന് റഹ്മാന്റെ ഒരു അസിസ്റ്റന്റ് ആണ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നത്. അയാൾക്കായിരുന്നു ചുമതല. മുറിയിലെ എയർ കണ്ടീഷനിങ് കാരണം എനിക്ക് ജലദോഷം ഉണ്ടായിരുന്നു. പക്ഷേ ഞാൻ പാടണമെന്ന് അയാള്‍ നിർബന്ധിച്ചു. സൂപ്പർ ഫ്ലോപ്പ് സിനിമകൾക്കായി ഞാൻ ഒരുപാട് ഹിറ്റ് ഗാനങ്ങൾ ചെയ്തിട്ടുണ്ട്, ഇത് അതിലൊന്നായിരുന്നു. ആരും സിനിമ കണ്ടില്ല. പാട്ട് റഹ്മാന്റേതാണ്. ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിന്റെ പേരിലായി. റെക്കോർഡിങ്ങിനു ശേഷം റഹ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടി പല തവണ ഞാൻ ശ്രമിച്ചു. പക്ഷേ കൃത്യമായ ഒരു മറുപടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ലഭിച്ചില്ല. ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് ഒരു കലാകാരൻ വലുതോ ചെറുതോ ആകുന്നില്ല. ഏറെ നേരം അദ്ദേഹത്തെ കാത്തിരുന്നിട്ടുണ്ട്. എന്നിട്ടും കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു’, – അഭിജിത് ഭട്ടാചാര്യ.