തമിഴ് നടന്‍ വിശാലിന്‍റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് ആരാധകര്‍. വിശാലിനിതെന്തു പറ്റി എന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഉയരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ താരത്തിന്‍റെ ഒരു വിഡിയോയാണ് ആരോഗ്യാവസ്ഥ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'മദ ഗജ രാജ' എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ വിശാലിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തീരെ മെലിഞ്ഞ് വിറയ്ക്കുന്ന കൈകളുമായി വേദിയിലെത്തിയ താരത്തെയാണ് വിഡിയോയില്‍ കാണുന്നത്.
വേദിയില്‍ ആരാധകരോട് സംസാരിക്കാന്‍ ശ്രമിക്കവേ പലവട്ടം വിശാലിന് നാക്കുകുഴയുന്നതും വിഡിയോയില്‍ വ്യക്തമാണ്. മൈക്ക് പിടിച്ച് സംസാരിക്കാന്‍ വിശാല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശാരീരികബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം വിശാൽ കടുത്ത പനി ബാധിച്ച അവസ്ഥയിലാണ് വേദിയിലെത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തില്‍ വിശാലില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സി.സുന്ദര്‍ സംവിധാനം ചെയ്ത 'മദ ഗജ രാജ' 2012ല്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയടക്കം പലകാരണങ്ങള്‍കൊണ്ടും റിലീസ് നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം തിയറ്ററുകളിലെത്തുകയാണ്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാര്‍. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.