maharaja

ചൈനയിലും തരംഗമായി മാറിയിരിക്കുകയാണ് വിജയ് സേതുപതി ചിത്രം ‘മഹാരാജ’. ചൈനയില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന ചിത്രം നൂറുകോടിയിലേക്ക് കടക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മഹാരാജ മാറിയും കഴിഞ്ഞു.

മൊഴി മാറ്റിയാണ് ചിത്രം ചൈനയില്‍ പ്രദര്‍ശിപ്പിച്ചത്. ലഭിച്ച പ്രതികരണം അത്ഭുതകരവും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം കൂടിയായി മഹാരാജ. ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ആദ്യത്തെ തമിഴ് ചിത്രമെന്ന ഖ്യാതി നേരത്തേ തന്നെ മഹാരാജ സ്വന്തമാക്കിയിരുന്നു. ജൂണ്‍ 18നാണ് നെറ്റ്ഫ്ളിക്സില്‍ ചിത്രം എത്തിയത്. പിന്നാലെ തായ്വാനില്‍ ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ മഹാരാജ ഇടംപിടിച്ചു. അത് 6 ആഴ്ച തുടര്‍ച്ചയായി നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ ആശംസാപ്രവാഹമാണ് വിജയ് സേതുപതിയെ തേടിയെത്തിയത്.

സസ്പെൻസ് ത്രില്ലറായി നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

ENGLISH SUMMARY:

Vijay Sethupathi's Film 'Maharaja' nears to hit 100 crores after releasing in China. Chinese audience widely accepted the film and appreciates Vijay Sethupathi's acting.