കൃഷ്ണനായി വേദിയില്‍ നിറഞ്ഞാടി നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ ഇളയ മകൾ ഐശ്വര്യ. വേദിയില്‍ അമ്മ ദിവ്യ ഉണ്ണിയും കൂടെ ചേര്‍ന്നതോടെ മനോഹര കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ദിവ്യ ഉണ്ണിയുടെ കൈ പിടിച്ചാണ് കുഞ്ഞ് ഐശ്വര്യ വേദിയിലേക്ക് എത്തിയത്. ഗുരുവിൽ നിന്ന് ചിലങ്ക ഏറ്റുവാങ്ങി നെഞ്ചോട് ചേര്‍ത്തൊന്നു പ്രാര്‍ഥിച്ചു. പിന്നീട് ആ ചിലങ്ക കെട്ടി സ്റ്റേജിലേക്ക്. 

വേദിക്ക് പുറത്ത് നിന്ന് ഡാന്‍സിന്‍റെ സ്റ്റെപ്പ് പറഞ്ഞു കൊടുക്കുന്നതും മനോഹരമായി വേദിയില്‍ ആടിതിമിര്‍ക്കുന്ന മകളുടെ മനോഹര നൃത്തം പക്കമേളക്കാർക്ക് ഒപ്പമിരുന്ന് ദിവ്യ ഉണ്ണി ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് ലൈക്കും കമന്‍റുമായെത്തുന്നത്.

കഴിഞ്ഞവർഷം ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് മകളെ ഉണ്ണിക്കണ്ണനായി ഒരുക്കുന്നതിന്റെറെയും അതിനു ശേഷം ഉണ്ണിക്കണ്ണനായിട്ടുമുള്ള വിഡിയോയും ദിവ്യ ഉണ്ണി പങ്കുവെച്ചിരുന്നു. ഇളയമകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിട്ടുണ്ട്. മകള്‍ക്കൊപ്പം പങ്കുവയ്ക്കുന്ന വിഡിയോകള്‍ക്ക് ആരാധകരും ഏറെയാണ്. ദിവ്യ ഉണ്ണിക്കൊപ്പം എപ്പോഴും ഐശ്വര്യയെ കാണാം. നവരാത്രി ആഘോഷത്തിനിടെ നൃത്തം ചെയ്യാനൊരുങ്ങുന്ന അമ്മ ദിവ്യ ഉണ്ണിക്ക് ഐശ്വര്യ ചിലങ്ക കെട്ടികൊടുക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു ഐശ്വര്യയെ കൂടാതെ, അർജുൻ, മീനാക്ഷി എന്ന് പേരുള്ള രണ്ടു മക്കൾ കൂടി ദിവ്യ ഉണ്ണിക്കുണ്ട്.

ENGLISH SUMMARY:

Divya Unni's younger daughter Aishwarya shone on stage as Krishna