നയന്‍താരയുടെ വിവാഹ ഡോക്യുമെന്‍ററിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും ഒഴിയുന്നില്ല. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ അണിയറ ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉഫയോഗിച്ചതിന് ധനുഷ് നയന്‍താരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ രംഗത്തെത്തിയിരുന്നു. പത്തുകോടി രൂപയാണ് ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ ധനുഷ് നയന്‍താരയില്‍ നിന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. സംഭവം വലിയ വിവാദം തന്നെ സൃഷ്ടിച്ചു.
കഴിഞ്ഞ ദിവസം നയന്‍താരയ്ക്കെതിരെ ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളും രംഗത്തെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജമാണ്, നയന്‍താരയില്‍ നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി നിര്‍മാതാക്കള്‍ രംഗത്തെത്തി. നയന്‍താര നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) വാങ്ങിയതിനു ശേഷമാണ് ചന്ദ്രമുഖിയിലെ ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വെളിവാക്കുന്ന ഒരു കത്തും പുറത്തുവന്നിട്ടുണ്ട്.
സിനിമ നിരീക്ഷകനായ മനോബാല വിജയബാലനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തെളിവടക്കം മനോബാല സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റും പങ്കുവച്ചു. ശിവാജി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രമാണ് ചന്ദ്രമുഖി. ചിത്രത്തിലെ രംഗങ്ങള്‍ ‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ല്‍’ എന്ന ഡോക്യുമെന്‍റിയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി റൗഡി പിക്ചേഴ്‌സ് എന്ന നിര്‍മാണ കമ്പനിക്ക് എന്‍.ഒ.സി നല്‍കിയിട്ടുണ്ട് എന്ന് ബോധ്യമാക്കുന്ന കത്താണ് പുറത്തായിരിക്കുന്നത്. നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനുമാണ് റൗഡി പിക്ചേഴ്‌സിന്‍റെ ഉടമകള്‍.