തെന്നിന്ത്യയില്‍ ഇന്നും കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് തമന്ന, കാര്‍ത്തി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ പയ്യാ. ആരാധകര്‍ക്ക് ഏറം പ്രിയപ്പെട്ടതാണ് ചിത്രത്തിലെ തമന്നയുടെ നായകവേഷം. എന്നാല്‍ ആദ്യം ഈ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത് നയന്‍താരയെ ആയിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ ലിംഗുസ്വാമി. അന്ന് നയന്‍താരയുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടായെന്നും അവസാന നിമിഷത്തിലാണ് തമന്ന ചിത്രത്തിലേക്ക് എത്തിയതെന്നും ആനന്ദ വികടന്‍ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലിംഗുസ്വാമി പറഞ്ഞു.
'തമന്ന വളരെ സത്യസന്ധയായ വ്യകതിയാണ്. പയ്യാ സിനിമയിൽ അഭിനയിക്കുമ്പോൾ 19 വയസ് മാത്രമേ തമന്നയ്ക്ക് ഉണ്ടായിരുന്നുള്ളൂ എന്നാണ് കരുതുന്നത്. ആദ്യം ആ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നത് നയൻതാര ആയിരുന്നു. ലാസ്‌റ് മിനിറ്റിൽ എനിക്കും നയൻതാരയ്ക്കും ഇടയിൽ ചെറിയ പ്രശ്നം വന്നത് കൊണ്ടാണ് ആ റോൾ തമന്നയിലേക്ക് എത്തിയത്. ആ സിനിമയിൽ കാർ, കാരവാൻ ഒന്നും എല്ലായിടത്തും കൊണ്ട് പോകാൻ സാധിക്കില്ല. വസ്ത്രം മാറാനുള്ള സൗകര്യം വിശാലമായി ഉണ്ടാവണം എന്നില്ല. പക്ഷേ, ലൈറ്റ് പോകും, ഒരു സീൻ പെട്ടെന്ന് എടുക്കണം എന്ന് പറഞ്ഞാൽ പെട്ടെന്ന് തന്നെ തമന്ന റെഡി ആയി വരും.
രണ്ട് മൂന്ന് പേർ സാരി വച്ച് മറച്ച് നിന്നാണ് തമന്ന ആ സെറ്റിൽ പല ലൊക്കേഷനിലും ഡ്രസ്സ് മാറ്റിയിരുന്നത്. കരീന കപൂറിനെ പോലെ നീ കരിയറിൽ ഉയരും എന്ന് അന്ന് ഞാൻ തമന്നയോട് പറഞ്ഞിരുന്നു. ഒരു ദിവസം പോലും സെറ്റിൽ ലേറ്റ് ആയി തമന്ന എത്തിയിട്ടില്ല. ഇപ്പോഴും തമന്ന സജീവമാണ്. പയ്യാ സിനിമയുടെ റീ റിലീസ് ചെയ്യാൻ പദ്ധതിയിട്ടപ്പോൾ നേരിൽ കണ്ടിരുന്നു. വളരെ ബഹുമാനം ഉള്ള സ്ത്രീയാണ്. എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്,' ലിംഗുസ്വാമി പറഞ്ഞു.