സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്വന്തം ജില്ല കിരീടം ചൂടിയാല്‍ കിട്ടുന്ന ഒരു ദിവസത്തെ അവധിയായിരുന്നു തനിക്ക് കലോത്സവവുമായുള്ള ബന്ധമെന്ന് നടന്‍ ടൊവീനോ തോമസ്.  ‘ഇനി തനിക്ക് നാട്ടില്‍ച്ചെന്ന് ധൈര്യമായി പറയാം, ഞാന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന്, ടൊവീനോയുടെ വാക്കുകള്‍ക്ക് വലിയ കയ്യടിയാണ് കലോത്സവ സദസില്‍ നിന്നും ലഭിച്ചത്. 

തീര്‍ച്ചയായും സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് കലോത്സവവേദിയില്‍ നില്‍ക്കുന്നതെന്നും, മികച്ച കലാകാരന്‍മാരെ കാണാനായതില്‍ അഭിമാനമുണ്ടെന്നും താരം പറയുന്നു. നൂലിഴ വ്യത്യാസത്തില്‍ പരാജയപ്പെട്ടവര്‍ക്കും വിജയിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം രേഖപ്പെടുത്തിയ താരം തന്റെ വസ്ത്രധാരണത്തിനു പിന്നിലെ കഥയും പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ട ഒരു വിഡിയോയില്‍ കുട്ടികള്‍ പറഞ്ഞതനുസരിച്ചാണ് താന്‍ വസ്ത്രം ധരിച്ചതെന്നും ടൊവീനോ പറയുന്നു. 

‘ടൊവീനോ തോമസ് ഏത് വസ്ത്രമണിഞ്ഞ് വന്നാലാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ പലരും പറഞ്ഞത് മുണ്ടും ഷര്‍ട്ടും എന്നായിരുന്നു, അതില്‍ തന്നെ പലരും കറുത്ത ഷര്‍ട്ടും മുണ്ടും ആണ് നല്ലതെന്ന് പറഞ്ഞു, ഭാഗ്യവശാല്‍ തനിക്കേറ്റവും കൂടുതലുള്ളത് കറുത്ത ഷര്‍ട്ടാണെന്നും അതുകൊണ്ടാണ് അതേ വേഷത്തില്‍ എത്തിയതെന്നും ഇനിയൊരവസരം കിട്ടിയാല്‍ ചിലര്‍ ആവശ്യപ്പെട്ട പോലെ മോഡേണ്‍ വസ്ത്രമണിഞ്ഞ് വരാമെന്നും ടൊവീനോ പറയുന്നു. 

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ സ്വര്‍ണക്കപ്പ് നേടി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശൂരിന്റെ കിരീടനേട്ടം. 1999 ലാണ് തൃശൂര്‍ അവസാനം ചാംപ്യന്‍മാരായത്. തൃശൂരിന്റെ അഞ്ചാം കിരീടനേട്ടമാണിത്. ഒരുപോയിന്റ് വ്യത്യാസത്തില്‍ പാലക്കാട് രണ്ടാമതുണ്ട്. 1008 പോയിന്‍റാണ് തൃശൂരിന്. പാലക്കാടിന് 1007 പോയിന്‍റ്. 1003 പോയിന്‍റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്.  നാല് ദിവസമായി ഒന്നാം സ്ഥാനത്ത് നിന്ന നിലവിലെ ചാംപ്യന്‍മാരായ കണ്ണൂരിനെ പിന്തള്ളി ഇന്നലെ രാത്രിയാണ് തൃശൂർ ഒന്നാമതെത്തിയത്. പാലക്കാടും അവസാന നിമിഷത്തെ കുതിപ്പിൽ രണ്ടാം സ്ഥാനത്തെത്തി. നാലാം സ്ഥാനം കോഴിക്കോടും അഞ്ചാംസ്ഥാനം  എറണാകുളവും സ്വന്തമാക്കി. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ഒന്നാമതെത്തി.

Actor Tovino Thomas speaks about the arts festival connection:

Actor Tovino Thomas said that his connection with the arts festival during his school days was the one-day holiday granted for winning the district championship.