മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് എത്തിയ എട്ടാം ക്ലാസുകാരൻ നാടകവേദിയിൽ മിന്നും താരമായി. പ്രകൃതിദുരന്തത്തിന്റെ ഭീകരത പറഞ്ഞ വെള്ളപ്പൊക്കത്തിൽ എന്ന നാടകത്തിലെ നായയാണ് അമൽജിത്ത് അഭിനയിച്ചത്. നാടകത്തിലൂടെ എല്ലാവരെയും കണ്ണീരണിയിച്ചെങ്കിലും ജീവിതത്തിൽ ഇപ്പോൾ ഹാപ്പിയാണെന്ന് അമൽജിത്ത് പറയുന്നു.
മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് രക്ഷാപ്രവർത്തകർ ചെളിയിൽ പൂണ്ട് പോയ അമൽജിത്തിനെ പുറത്തെടുത്തത്. പക്ഷേ അമൽജിത്തിനുള്ളിലെ കലാകാരനെ പുറത്തെടുക്കാൻ, വെള്ളാർമല സ്കൂളിലെ ഉണ്ണി മാഷിനും കൂട്ടർക്കും അധികം പരിശ്രമിക്കേണ്ടി വന്നില്ല.
വെള്ളപ്പൊക്കത്തിൽ ഉറ്റവർ ഉപേക്ഷിച്ചു പോയ നായയായിരുന്നു കഥാപാത്രം. നായയുടെ കുരമുതൽ, ആംഗ്യങ്ങൾ വരെ കീറുകൃത്യം. നാടകം കഴിഞ്ഞ പുറത്തെത്തിയ അമൽജിത്തിന് അഭിനന്ദനപ്രവാഹം.