emergency-priyanka

തന്‍റെ പുതിയ ചിത്രമായ 'എമര്‍ജന്‍സി' കാണാന്‍ പ്രിയങ്കാ ഗാന്ധി എംപിയെ ക്ഷണിച്ച് കങ്കണ റണാവത്ത്. പാര്‍ലമെന്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്കയെ തന്റെ സിനിമ കാണാനായി കങ്കണ ക്ഷണിച്ചത്. 

പാർലമെന്റിൽ വെച്ച് പ്രിയങ്കയെ എമർജൻസി കാണാൻ ക്ഷണിച്ചതായി കങ്കണ ഐ.എ.എൻ.എസ്സിനോട് പറഞ്ഞു. 'താൻ ചിലപ്പോൾ കണ്ടേക്കാമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. അവർ സിനിമ കാണുമോ എന്നത് കണ്ടറിയാം. രാജ്യത്ത് നടന്ന സംഭവത്തേക്കുറിച്ചും ഒരാളെക്കുറിച്ചും വളരെ ശ്രദ്ധയോടെ ചിത്രീകരിച്ച സിനിമയാണിത്. വളരെയധികം ​ഗവേഷണം ചിത്രത്തിന് പിന്നിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് നടന്ന ചില കാര്യങ്ങൾക്ക് പുറമെ, ജനങ്ങളാൽ ഏറെ സ്നേഹിക്കപ്പെട്ട വ്യക്തിയായിരുന്നു ഇന്ദിരാ​ഗാന്ധി. മൂന്ന് തവണ പ്രധാനമന്ത്രിയാകുക എന്നത് ചെറിയ കാര്യമല്ല. അവർ സ്നേഹിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത പ്രധാനമന്ത്രിയാണ്', കങ്കണ പറഞ്ഞു.

രാജ്യത്തെ 21 മാസത്തെ അടിയന്തരാസ്ഥ പ്രമേയമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ സംവിധാനം ചെയ്​തിരിക്കുന്നത് കങ്കണയാണ്. താരം തന്നെയാണ് ചിത്രത്തില്‍ ഇന്ദിരയായി എത്തുന്നതും. ജനുവരി 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അടൽ ബിഹാരി വാജ്പേയിയായി ശ്രേയസ് തൽപഡെയും ഫീൽഡ് മാർഷൽ സാം മനേക് ഷാ ആയി മിലിന്ദ് സോമനും സഞ്ജയ് ​ഗാന്ധിയായി മലയാളി താരം വിശാഖ് നായരുമാണ് വേഷമിടുന്നത്. റിതേഷ് ഷായാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സം​ഗീതസംവിധാനം നിർവഹിക്കുന്നതി. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് എമര്‍ജെന്‍സി നിർമിക്കുന്നത്.

ENGLISH SUMMARY:

Kangana Ranaut invited Priyanka Gandhi MP to watch her new film 'Emergency'