ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ഇന്നുതന്നെ അപ്പീല്‍ നല്‍കും. അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആയതിനാല്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യുഷന്‍ വാദം അംഗീകരിച്ചാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബിയെ റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ബോബിയെ റിമാന്‍ഡ് ചെയ്തത്. ബോബിയുടെ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കുന്തിദേവി പരാമര്‍ശം ലൈംഗികാധിക്ഷേപമെന്നും കോടതി നിരീക്ഷിച്ചു. അഭിനന്ദനത്തിന്റെ രൂപത്തില്‍ അധിക്ഷേപം സമര്‍ഥമായി ഒളിച്ചുകടത്തി.
വിധി കേട്ട് കോടതി മുറിയില്‍ ബോബി തലകറങ്ങി വീണു. തുടര്‍ന്ന് കോടതി മുറിക്കുള്ളിൽ വിശ്രമിക്കാൻ അനുവദിച്ച ബോബി ചെമ്മണൂരിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നട്ടെല്ലിനും കാലിനും പരുക്കെന്നായിരുന്നു വാദം. എക്സറേ പരിശോധനയ്ക്ക് വിധേയനാക്കിയ ബോബിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ബോബി നിയമത്തിൽ നിന്ന് ഒളിച്ചോടുന്ന ആളല്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആലക്കോട് നടന്ന ഉദ്ഘാടന പരിപാടിക്കിടെ അപമാനിച്ചു എന്നതും ശരിയല്ല. ആ പരിപാടിയുടെ ദൃശ്യങ്ങൾ നടി തന്നെ പങ്കുവച്ചിരുന്നു. മാത്രമല്ല, 4 മാസം മുൻപാണ് ഈ സംഭവം നടന്നത്. ഇപ്പോൾ മാത്രമാണ് ഇതിൽ പരാതി പറയുന്നത്. ഇത് അറസ്റ്റ് പോലും ചെയ്യേണ്ട കുറ്റകൃത്യമായിരുന്നില്ല.
ആലക്കോട് നടന്ന പരിപാടിക്കു ശേഷം പരാതിക്കാരിയുമായി സൗഹൃദമുണ്ട്. ഇതിന്റെ തെളിവുകളും ഹാജരാക്കാൻ തയാറാണ്. അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിച്ചു എന്നത് തെറ്റാണ് തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ടു വച്ചത്. എന്നാൽ ഇക്കാര്യങ്ങൾ അംഗീകരിക്കാതെ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.