parvathy-geethu-photo

സൂപ്പര്‍താരം യഷിനെ നായകനാക്കി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്സികിനെ' ചൊല്ലി വിവാദം പുകയുന്നു. ചിത്രത്തിന്‍റെ ടീസര്‍ വിവാദമായതിന് പിന്നാലെയാണ് നടി പാര്‍വതി തിരുവോത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിന് ചുവടെയും ചര്‍ച്ച സജീവമാകുന്നത്. 

ചുണ്ടില്‍ പാവയ്ക്കും മറ്റും വയ്ക്കുന്ന കണ്ണിന്‍റെ സ്റ്റിക്കര്‍ വച്ച് താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന ചിത്രമാണ് പാര്‍വതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പാര്‍വതി ,നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെ ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ പിന്തുടരുന്നില്ലെന്നും ആരാധകരുടെ 'കണ്ടെത്തലു'ണ്ട്. പാര്‍വതിയുടെ ചിത്രത്തിന് താഴെ ഗീതുമോഹന്‍ദാസിനെയും ടോക്സികിനെയും കുറിച്ചുള്ള കമന്‍റുകള്‍ നിറയുകയാണ്. ആത്മാവും ഹൃദയവുമായ ഗീതുവിനെ പാര്‍വതി അണ്‍ഫോളോ ചെയ്തെന്നും, ടോക്സിക് ആകാം കാരണമെന്നും എക്സില്‍ ഒരാള്‍ കുറിച്ചു. സുഹൃത്തിന്‍റെ സിനിമയെ കുറിച്ച് ഒന്നും പറയാനില്ലെന്നാണോ പുതിയ ചിത്രത്തിന്‍റെ അര്‍ഥമെന്നും നിരവധിപ്പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വ്യാപക വിമര്‍ശനം ഉന്നയിച്ച ഗീതു അതിര്‍ത്തി കടന്നതോടെ സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുകയാണെന്ന് സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. 'സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആൺനോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആൺമുഷ്ക്ക്' മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം. ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി?'- എന്നായിരുന്നു നിതിന്‍റെ കുറിപ്പ്.  

ടോക്സികിന്‍റെ പ്രമോയില്‍ നായകനായ യഷ് സ്ത്രീകളെ എടുത്തുയര്‍ത്തുന്നതും മദ്യം ശരീരത്തില്‍ ഒഴിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളുണ്ട്. ഇതാണ് നിലവിലെ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. 

ENGLISH SUMMARY:

Controversy is brewing over 'Toxic,' directed by Geethu Mohandas and starring superstar Yash. Following the film's teaser becoming controversial, the discussion has also gained traction under a picture shared by actress Parvathy Thiruvoth on social media