image: Facebook

image: Facebook

രാഹുല്‍ ഈശ്വറിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ  നടി ഹണി റോസ്. ഭാഷയിലുള്ള നിയന്ത്രണം രാഹുല്‍ ഈശ്വറിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ലെന്ന് ഹണി സമൂഹമാധ്യമക്കുറിപ്പില്‍ ആരോപിക്കുന്നു. എപ്പോഴെങ്കിലും രാഹുലിന്‍റെ മുന്നില്‍ വന്നാല്‍ താന്‍ ശ്രദ്ധിച്ചുകൊള്ളാമെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി. രാഹുല്‍ ഈശ്വര്‍ പൂജാരിയാവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കിയേനെ എന്നും താരം പറയുന്നു. സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് നിയന്ത്രണം നഷ്ടമാവുകയെന്ന് അറിയില്ലല്ലോ എന്നും ഹണി റോസ് പരിഹസിക്കുന്നുണ്ട്. 

ഹണിറോസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ..'ശ്രീ രാഹുല്‍ ഈശ്വര്‍. താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടുഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ടു തന്നെ രാഹുല്‍  ഉണ്ടെങ്കില്‍ ഒരുപക്ഷത്ത് അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യമാക്കും.

 പക്ഷേ തന്ത്രികുടുംബത്തില്‍പ്പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതുവേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന്‍റെ നിയന്ത്രണം പോകുന്നതെന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടി വന്നാല്‍ ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം'- എന്നാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 'ഹണി റോസ് കുറച്ച് ഓവറല്ലേ' എന്ന കാര്യമാണ് താന്‍ ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു രാഹുലിന്‍റെ സമൂഹമാധ്യമ വിഡിയോയില്‍ പറയുന്നു. ഹണി റോസിനെ തനിക്ക് ബഹുമാനമാണെന്നും എന്നാല്‍ വസ്ത്രധാരണം സമൂഹത്തിലുണ്ടാക്കുന്ന ഇംപാക്ട്  എന്താണെന്ന് അറിയാത്ത ആളലല്ലല്ലോ എന്നും രാഹുല്‍ ചോദ്യമുയര്‍ത്തിയിരുന്നു.

ENGLISH SUMMARY:

Actress Honey Rose responds to Rahul Easwar's remarks, stating in a social media post that he has no control over his language when commenting on women's clothing