പാടുന്നത് യേശുദാസ്, മൃദംഗം വായിക്കുന്നത് ജയചന്ദ്രന്‍

ഒരു സ്കൂള്‍ കലോല്‍സവത്തിന്‍റെ ആഘോഷ മേളങ്ങള്‍ കൂടി അവസാനിക്കവെ ഇത്തരമൊരു കലോല്‍സവമാണ് ഭാവഗാന സൗന്ദര്യത്തെ കേരളക്കരയിലേക്ക് ഒഴുക്കിവിടുന്നത്, 1958ൽ. തിരുവനന്തപുരത്ത് നടന്ന സംസ്‌ഥാന സ്‌കൂൾ കലോത്സവമാണ് വേദി... സമാപന സമ്മേളനത്തിൽ ഒന്നാം സമ്മാനം ലഭിച്ചവർ ചേർന്ന് കച്ചേരി അവതരിപ്പിക്കുന്നു... സംഘത്തിലെ ഗായകന്‍ വായ്‌പാട്ടിൽ ഒന്നാമതെത്തിയ എറണാകുളം പള്ളുരുത്തി സെന്റ് സെബാസ്‌റ്റ്യൻസ് എച്ച്‌എസിലെ യേശുദാസൻ! മൃദംഗത്തില്‍ ലയവാദ്യത്തിൽ ഒന്നാമതെത്തിയ ഇരിങ്ങാലക്കുട നാഷനൽ ഹൈസ്‌കൂളിലെ ജയചന്ദ്രൻ! ആ സംഗീത ഭൂമി യേശുദാസനെ ഗാനഗന്ധർവൻ യേശുദാസാക്കി. ജയചന്ദ്രൻ കുട്ടനെ ഭാവഗായകൻ പി.ജയചന്ദ്രനുമാക്കുകയായിരുന്നു. യേശുദാസ് പിന്നീടു കലോത്സവത്തിൽ മൽസരിച്ചതിനു രേഖകളില്ല. എന്നാൽ തൊട്ടടുത്ത വർഷം (1959ല്‍) വായ്‌പാട്ടിൽ ജയചന്ദ്രൻ മൽസരിച്ച് ഒന്നാം സ്‌ഥാനം നേടുകയും ചെയ്തു.

സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവിന്‍റെ താല്‍പര്യമാണ് ജയചന്ദ്രനിലേക്കെത്തയത്. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചിട്ടുണ്ട്.‌ 1958ൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്. ‌സ്കൂളിലെയും വീടിനു സമീപത്തെ ക്രിസ്ത്യൻ പള്ളിയിലെയും പതിവ് ഗായകനായിരുന്നു ജയചന്ദ്രൻ.

പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന പി.ജയചന്ദ്രന്‍റെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം , പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ, തുടങ്ങിയ ഗാനങ്ങള്‍ കാല– ഭാഷഭേദമന്യേ ആസ്വാദകര്‍ ഹൃദയത്തിലേറ്റിയവയാണ്. 1985ല്‍ ശ്രീനാരായണ ഗുരുവിലെ ഗാനത്തിന് പി.ജയചന്ദ്രന്‍ ദേശീയപുരസ്കാരം നേടി. നാല് തവണ തമിഴ്നാട് സര്‍ക്കാര്‍ പുരസ്കാരവും ജെസി ഡാനിയല്‍ അവാര്‍ഡും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്.

തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിനാണ് പി.ജയചന്ദ്രന്‍റെ ജനനം. പാലിയം സ്കൂൾ, ആലുവ സെൻറ് മേരീസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് സുവോളജിയിൽ ബിരുദം. ശേഷം മദ്രാസിൽ സ്വകാര്യ കമ്പനിയിൽ‌ ജോലി ആരംഭിച്ചു. ചെന്നൈയിലെ ഒരു ഗാനമേളയിൽ ജയചന്ദ്രന്റെ പാട്ടു കേട്ട ശോഭന പരമേശ്വരൻ നായരും എ. വിൻസെന്റുമാണ് അദ്ദേഹത്തെ സിനിമയില്‍ പാടാന്‍ ക്ഷണിച്ചത്.

ENGLISH SUMMARY:

Discover the origins of Kerala's iconic singers K.J. Yesudas and P. Jayachandran at the 1958 State School Arts Festival. Learn how this historic event shaped the journey of these musical legends.