TOPICS COVERED

മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരന്‍ പി.ജയചന്ദ്രന് യാത്രാമൊഴി‌യേകി നാട്.  പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വീട്ടിലാണ് സംസ്കാരം നടത്തിയത്. വൈകിട്ട് നിശ്ചയിച്ച ചടങ്ങുകള്‍ നേരത്തെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മകന്‍ ദിനനാഥന്‍ ചിതയ്ക്ക് തീ കൊളുത്തി.

ഭൗതിക ശരീരം പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ഇരിങ്ങാലക്കുടയില്‍ ജയചന്ദ്രൻ പഠിച്ച നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ച് പൊതുദര്‍ശനം നടത്തി. അവിടെനിന്നാണ് പാലിയത്തെ കുടുംബ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളാണെത്തിയത്.

പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന പി.ജയചന്ദ്രന്‍റെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം , പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ, തുടങ്ങിയ ഗാനങ്ങള്‍ കാല– ഭാഷഭേദമന്യേ ആസ്വാദകര്‍ ഹൃദയത്തിലേറ്റിയവയാണ്.1985ല്‍ ശ്രീനാരായണ ഗുരുവിലെ ഗാനത്തിന് പി.ജയചന്ദ്രന്‍ ദേശീയപുരസ്കാരം നേടി. നാല് തവണ തമിഴ്നാട് സര്‍ക്കാര്‍ പുരസ്കാരവും ജെസി ഡാനിയല്‍ അവാര്‍ഡും ലഭിച്ചു. 1944 മാർച്ച് 3ന് കൊച്ചി രവിപുരത്ത് ജനിച്ച പി.ജയചന്ദ്രന്‍റെ പിന്നീടുള്ള ജീവിതം തൃശൂര്‍ ഇരിങ്ങാലക്കുടയിലായിരുന്നു.

ENGLISH SUMMARY:

The state has bid farewell to Malayalam's favorite singer P. Jayachandran.