p-jayachandran-play-back-singer

TOPICS COVERED

‘സംഗീതജ്ഞൻ’ എന്ന് വിളിച്ചാല്‍ വിനയത്തോടെ അങ്ങിനെ വിളിക്കരുതെന്ന് പി.ജയചന്ദ്രന്‍ പറയും. ‘സംഗീതജ്ഞനല്ല ഞാൻ. സംഗീതം അറിഞ്ഞാലല്ലേ സംഗീതജ്ഞനാവൂ? ഒരാൾക്കു ശരിക്ക് അറിയാൻ കഴിയുന്ന കാര്യമല്ല സംഗീതം. ‘ദക്ഷിണാമൂർത്തി സ്വാമി പറയും, നിങ്ങൾ പാടുമ്പോൾ ശരിയായ ശ്രുതിയിലാണെന്നാണു വിചാരിക്കുന്നത്. അങ്ങനെയല്ല, എപ്പോഴെങ്കിലും ശ്രുതിയിൽ വരും എന്നേയുള്ളൂ. ആ സമയത്തു ദൈവം കൂടെയുണ്ട്. അതുതന്നെയാണു സത്യം.’ ഒരിക്കല്‍ ജയചന്ദ്രന്‍ മലയാള മനോരമയോട് പറഞ്ഞു. ‘ആസ്വാദകൻ എന്ന നിലയിൽ അങ്ങനെയല്ല. എപ്പോഴും പാട്ടു കേട്ടുകൊണ്ടേയിരിക്കുന്നയാളാണ് ഞാന്‍. മുഹമ്മദ് റഫി, പി.സുശീല, എസ്.ജാനകി... ഇവരെയൊക്കെ കേട്ടുകൊണ്ടിരിക്കുന്നതിൽപരം എന്താണൊരാനന്ദം...’ എന്നായിരുന്നു മലയാളത്തിന്‍റെ ഭാവ ചന്ദ്രന്‍ പറഞ്ഞത്.

മറ്റൊരിക്കല്‍, ഞാൻ കണ്ടവരിൽ ഏറ്റവും പാവമായ സംഗീത‍ജ്ഞനാണ് പി. ജയചന്ദ്രനെന്ന ഗായിക മൃദുല വാരിയരുടെ വാക്കുകളെ വേദിയില്‍ വച്ചുതന്നെ തിരുത്തുകയുണ്ടായി അദ്ദേഹം. ‘ഞാനത്ര പാവമൊന്നുമല്ല. സംഗീതജ്ഞനുമല്ല. സംഗീതം ശരിയാം വിധം പഠിച്ച് അതിൽ െവെദഗ്ധ്യം കാണിക്കുന്നവരാണു സംഗീതജ്ഞർ’ എന്നായിരുന്നു അന്ന് ജയചന്ദ്രന്‍റെ മറുപടി. ഏതു പാട്ടിന്റെയും ആത്മാവ് അറിഞ്ഞും അത് ആസ്വാദകർക്കു പകർന്നും പാടുന്നതിനാൽ ജയേട്ടനെ സംഗീതജ്ഞനെന്നു വിളിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് മൃദുലയും. 2021 ഒക്ടോബറില്‍ കേരളപ്പിറവി പ്രമാണിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്നൊരുക്കിയ ‘പാടിയും പറഞ്ഞും ജയേട്ടനൊപ്പം’ എന്ന പരിപാടിയായിരുന്നു വേദി.

താനല്ല പാട്ടുകൾ പാടുന്നതെന്നും അതു ഗുരുവായൂരപ്പനാണെന്നും അന്ന് ജയചന്ദ്രൻ പറഞ്ഞു. ‘എന്റെ സ്വരത്തിന്റെ ഉടമ ഗുരുവായൂരപ്പനാണ്. പാടേണ്ട സമയത്ത് സ്വരം തരും, പാടിക്കഴിഞ്ഞാൽ മടക്കിക്കൊടുക്കും.’ 1990ൽ ശബ്ദം നഷ്ടപ്പെട്ടു പാടാൻ കഴിയാതെവന്നപ്പോൾ അമ്മ പറഞ്ഞതനുസരിച്ച് ഗുരുവായൂരപ്പന് ഓടക്കുഴൽ നടയ്ക്കൽ വച്ചെന്നും ഒരു മാസം പൂർണമായി മൗനം അനുഷ്ഠിച്ച ശേഷം ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ശബ്ദം തിരികെക്കിട്ടിയതെന്നും ജയചന്ദ്രൻ പറഞ്ഞു. പിന്നീട് ആദ്യം പാടിയതു ‘മിഴിരണ്ടിലും’ എന്ന ചിത്രത്തിലെ ‘ആലിലത്താലിയുമായ് വരു നീ’ എന്ന ഗാനമാണെന്നതിനാൽ തന്നെ അതു തനിക്കു പ്രിയപ്പെട്ടതാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

If someone calls him a "musicologist," P. Jayachandran humbly corrects them. “I am not a musicologist. To be one, you need to truly understand music. Music is not something anyone can fully grasp,” he once told Malayala Manorama.