വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയും തുടര്‍ന്നുളള അറസ്റ്റും വസ്ത്രധാരണസ്വാതന്ത്ര്യത്തെ കുറിച്ച് സമഗ്രചര്‍ച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. ഹണി റോസിന് പിന്തുണയറിച്ച് ആസിഫ് അലിയടക്കം നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. വസ്ത്രധാരണത്തെക്കുറിച്ചും സമൂഹത്തിന്‍റെ കാഴ്ച്ചപ്പാടിനെക്കുറിച്ചും ഒട്ടേറെപ്പേര്‍ സമൂഹമാധ്യങ്ങളിലൂടെ പ്രതികരിക്കുന്ന ഈ സാഹചര്യത്തില്‍ നടി റിമ കല്ലിങ്ങല്‍ മുമ്പ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന വസ്ത്രം ധരിക്കുക എന്നായിരുന്നു റിമയുടെ വാക്കുകള്‍. ഈ വാക്കുകള്‍ ഇന്‍സ്റ്റഗ്രാം പേജുകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ റിമ തന്‍റെ പേജിലേക്കും ഇത് ഷെയര്‍ ചെയ്യുകയായിരുന്നു.
റിമ പങ്കുവച്ച പോസ്റ്റിന്‍റെ പൂര്‍ണരൂപം:
'പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്' എന്നാണ് റിമ കല്ലിങ്ങല്‍ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
മറുപകുതികള്‍ ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ റിമയുടെ ചിത്രത്തിനൊപ്പം വന്ന കുറിപ്പാണ് റിമ തന്‍റെ പേജിലേക്ക് ഷെയര്‍ ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞ വാക്കുകള്‍ തന്നെയാണ് പോസ്റ്റിലുളളതും. ബോബി ചെമ്മണ്ണൂരിനെതിരെയുളള ഹണി റോസിന്‍റെ പരാതിയും പൊലീസ് നടപടികളും ചൂടന്‍ ചര്‍ച്ചയായി മാറിയതിനു പിന്നാലെയാണ് മറുപകുതികള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് റിമ കല്ലിങ്ങലിന്‍റെ പഴയ പ്രസ്താവന തങ്ങളുടെ പേജില്‍ പങ്കുവച്ചത്. ഇത് പിന്നീട് റിമ കല്ലിങ്ങല്‍ തന്‍റെ ഒഫീഷ്യല്‍ പേജിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു.