എഴുപത്തിയാറാം വയസിലാണ് നിറമുള്ള ടി ഷർട്ടിട്ട് ഇരുകൈകളിലെയും മസിലു പെരുപ്പിച്ചുള്ള ജയചന്ദ്രന്റെ പടം ഹിറ്റാകുന്നത്. ജയചന്ദ്രന്‍റെ ന്യൂജെന്‍ മുഖം കണ്ടവരില്‍ പലും ഞെട്ടി. അന്ന് അന്വേഷണങ്ങള്‍ ഒരുപാട് വന്നിരുന്നെന്ന് ജയചന്ദ്രന്‍ പറഞ്ഞിരുന്നു. ‘ഇതിലൊരു സൂത്രവുമില്ല. മസിലുമില്ല, പെരുപ്പിച്ചിട്ടുമില്ല. ജിമ്മിലും പോയിട്ടില്ല. വീട്ടിൽ കിട്ടുന്നതു മിതമായി കഴിക്കും. സുഖമായിട്ടിരിക്കും. എന്നും മിതമായി എക്സർസൈസ് ചെയ്യും. ഇതൊരു തമാശ കാണിച്ചതാണ്’ എന്നാണ് ജയചന്ദ്രന്‍ പറഞ്ഞത്.
വേഷത്തിനെ പറ്റി ചോദിച്ചാല്‍ കിട്ടിയതെല്ലാം ഇടും, ഇനി വേണമെങ്കിൽ ലുങ്കിയും ബനിയനുമിട്ടും ഞാൻ പാടും. അതൊരു വേഷമല്ലേ. അതിനെ മാനിക്കണ്ടേ? എന്നാണ് ജയചന്ദ്രന്‍ പറയുക. പക്ഷേ അപ്പോളും ജയചന്ദ്രന്‍ പറഞ്ഞു... ‘എന്നെ അറിയേണ്ടതും ഓർക്കേണ്ടതും പാട്ടിലൂടെ മാത്രമാണ്. അല്ലാതെ, മസിലിലൂടെയും തുണിയുടുത്തതിലൂടെയുമല്ല’. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയചന്ദ്രന്‍റെ പ്രതികരണം. എണ്‍പതാം വയസില്‍ വിട വാങ്ങുമ്പോഴും ജയചന്ദ്രന്‍ ആസ്വാദകര്‍ക്കായി ബാക്കിവച്ചത് ഭാവ സംഗീതത്തിന്‍റെ കടല്‍ തന്നെയാണ്. 16000ല്‍ പരം ഗാനങ്ങളും.
പക്ഷേ ‘സംഗീതജ്ഞൻ’ എന്ന് വിളിച്ചാല്‍ വിനയത്തോടെ അങ്ങിനെ വിളിക്കരുതെന്ന് പി.ജയചന്ദ്രന്‍ പറയും. ‘സംഗീതജ്ഞനല്ല ഞാൻ. സംഗീതം അറിഞ്ഞാലല്ലേ സംഗീതജ്ഞനാവൂ? ഒരാൾക്കു ശരിക്ക് അറിയാൻ കഴിയുന്ന കാര്യമല്ല സംഗീതം. ‘ദക്ഷിണാമൂർത്തി സ്വാമി പറയും, നിങ്ങൾ പാടുമ്പോൾ ശരിയായ ശ്രുതിയിലാണെന്നാണു വിചാരിക്കുന്നത്. അങ്ങനെയല്ല, എപ്പോഴെങ്കിലും ശ്രുതിയിൽ വരും എന്നേയുള്ളൂ. ആ സമയത്തു ദൈവം കൂടെയുണ്ട്. അതുതന്നെയാണു സത്യം. ആസ്വാദകൻ എന്ന നിലയിൽ അങ്ങനെയല്ല. എപ്പോഴും പാട്ടു കേട്ടുകൊണ്ടേയിരിക്കുന്നയാളാണ് ഞാന്‍. മുഹമ്മദ് റഫി, പി.സുശീല, എസ്.ജാനകി... ഇവരെയൊക്കെ കേട്ടുകൊണ്ടിരിക്കുന്നതിൽപരം എന്താണൊരാനന്ദം...’ എന്നായിരുന്നു മലയാളത്തിന്‍റെ ഭാവ ചന്ദ്രന്‍ പറഞ്ഞത്.
മറ്റൊരിക്കല്‍, ഞാൻ കണ്ടവരിൽ ഏറ്റവും പാവമായ സംഗീതജ്ഞനാണ് പി. ജയചന്ദ്രനെന്ന ഗായിക മൃദുല വാരിയരുടെ വാക്കുകളെ വേദിയില്‍ വച്ചുതന്നെ തിരുത്തുകയുണ്ടായി അദ്ദേഹം. ‘ഞാനത്ര പാവമൊന്നുമല്ല. സംഗീതജ്ഞനുമല്ല. സംഗീതം ശരിയാം വിധം പഠിച്ച് അതിൽ െവെദഗ്ധ്യം കാണിക്കുന്നവരാണു സംഗീതജ്ഞർ’ എന്നായിരുന്നു അന്ന് ജയചന്ദ്രന്‍റെ മറുപടി. ഏതു പാട്ടിന്റെയും ആത്മാവ് അറിഞ്ഞും അത് ആസ്വാദകർക്കു പകർന്നും പാടുന്നതിനാൽ ജയേട്ടനെ സംഗീതജ്ഞനെന്നു വിളിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് മൃദുലയും. 2021 ഒക്ടോബറില്‍ കേരളപ്പിറവി പ്രമാണിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്നൊരുക്കിയ ‘പാടിയും പറഞ്ഞും ജയേട്ടനൊപ്പം’ എന്ന പരിപാടിയായിരുന്നു വേദി.