സഹപ്രവര്‍ത്തകനായ അസിസ്റ്റന്റിനെ വേദിയില്‍വച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി നിത്യ മേനനുനേരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. ‘കാതലിക്ക നേരമില്ലൈ’ എന്ന ജയംരവി ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് സംഭവം. സംസാരിക്കാനായി വേദിയിലേക്ക് കയറിയ നിത്യയെ കണ്ട് അസിസ്റ്റന്‍റ് ആയ ഒരാള്‍ ഷേക്ക് ഹാന്‍ഡിനു വേണ്ടി കൈ നീട്ടിയെങ്കിലും ഒടമ്പ് സരിയില്ലൈ എന്നു പറഞ്ഞ് അത് നിരസിക്കുകയായിരുന്നു നടി.
സുഖമില്ലെന്നും ഇനി കോവിഡോ മറ്റോ ആണെങ്കില്‍ പകരും എന്നുമായിരുന്നു നടിയുടെ മറുപടി. തൊട്ടടുത്ത നിമിഷം തന്നെ നടന്‍ വിനയ് റായി സ്റ്റേജിലേക്ക് വന്നപ്പോള്‍ ആലിംഗനത്തോടെയാണ് നിത്യ സ്വീകരിച്ചത്. ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ നടിക്കെതിരെ പ്രതിഷേധവും കനക്കുകയാണ്. ഇത് അപമാനമാണെന്നും താരങ്ങളായാലും മറ്റു ജോലിക്കാരായാലും എല്ലാവരും മനുഷ്യരാണെന്നത് ഓര്‍മ വേണമെന്നാണ് സോഷ്യല്‍മീഡിയ കമന്റുകള്‍.
സംവിധായകന്‍ മിഷ്‌കിനെ കണ്ടപ്പോഴെ തന്നെ ആലിംഗനം ചെയ്യാൻ വരരുതെന്ന് നടി പറഞ്ഞു. അതിനുശേഷം അദ്ദേഹത്തിന്‍റെ കവിളില്‍ ചുംബിച്ചു. പിന്നാലെ മിഷ്‌കിന്‍ നിത്യ മേനന്‍റെ കയ്യില്‍ തിരികെ ചുംബിക്കുകയും ചെയ്തു. തനിക്ക് വേണ്ടപ്പെട്ടവരുമായി നടി സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചത് അത്തരത്തിലാണ്. തന്‍റെ നായകൻ ജയം രവിയെയും കെട്ടിപ്പിടിച്ചു കൊണ്ടാണ് നിത്യ തന്‍റെ സ്‌നേഹം പങ്കുവച്ചത്. ഇത് തരംതിരിവാണെന്നും തൊട്ടുകൂടായ്മ ഉള്ളത് കൊണ്ടാണ് നടി ഇങ്ങനെ ചെയ്തതെന്നുമാണ് പ്രധാന വിമർശനം. ജയം രവിയെയും നിത്യ മേനനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉദയനിധിയുടെ ഭാര്യ കിരുതിക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതലിക്ക നേരമില്ലൈ’. ചിത്രം ജനുവരി 14ന് തിയറ്ററുകളിലെത്തും