ഈ വർഷാവസാനം ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് 60 വയസാകും. പതിറ്റാണ്ടുകളായി ബോളിവുഡ് നിയന്ത്രിക്കുന്ന താരം പക്ഷേ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. രണ്ടാഴ്ചമുൻപ് അൻപത്തൊൻപതാം പിറന്നാൾ ആഘോഷത്തിനിടയിലും ആരാധകർ ഈ ചോദ്യമുയർത്തി. പ്രിയതാരം എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല? എന്നാണ് സൽമാൻ്റെ കല്യാണം?
ഐശ്വര്യ റായ്, കത്രീന കൈഫ്, സോമി അലി, സംഗീത ബിജ്ലാനി തുടങ്ങിയ താരങ്ങളുമായി സൽമാന് ഉണ്ടായിരുന്ന അടുപ്പം രഹസ്യമല്ല. ഇതിൽ സംഗീത ബിജ്ലാനിയുമായി വിവാഹം നിശ്ചയിക്കുകയും ക്ഷണക്കത്ത് വരെ പ്രിന്റ് ചെയ്യുകയും ചെയ്തതാണ്. പക്ഷേ വിവാഹത്തിന് തൊട്ടുമുൻപ് സംഗീത പിന്മാറി. സോമി അലിയുമായുള്ള ബന്ധം സംഗീത നേരിട്ട് കണ്ടതോടെയാണ് വിവാഹം റദ്ദാക്കിയത്. ഇക്കാര്യം സോമി അലി തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ സോമി അലിയും അധികകാലം സൽമാനുമായുള്ള ബന്ധം തുടർന്നില്ല.
ശരിക്കും എന്തുകൊണ്ടാണ് സൽമാൻ ഖാന് ഒരു ജീവിതപങ്കാളിയെ കിട്ടാത്തത്? ആരാധകർ ഏറെക്കാലമായി ചർച്ച ചെയ്യുന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സൽമാൻ്റെ പിതാവ് സാക്ഷാൽ സലിം ഖാൻ. അത്ര പോസിറ്റിവല്ല ആ മറുപടി എന്നുമാത്രം. "അവന്റെ ചിന്തകളിൽ വല്ലാത്ത വൈരുധ്യമുണ്ട്. ഒപ്പം ജോലി ചെയ്യുന്നവരോടാണ് അവന് അടുപ്പവും പ്രണയവും ഒക്കെ തോന്നാറ്. അടുത്ത് പെരുമാറാൻ അവസരമുണ്ടാകും, നല്ല സൗന്ദര്യം ഉള്ളവരായിരിക്കും, അതുകൊണ്ട് ആകെക്കൂടി വലിയ എക്സൈറ്റ്മെൻ്റിലാകും കക്ഷി. പക്ഷേ ഒരു ബന്ധം ആരംഭിച്ചാൽ പിന്നെ ആ പെൺകുട്ടിയെ വല്ലാതെ നിയന്ത്രിക്കാൻ തുടങ്ങും. സ്വന്തം അമ്മയുടെ ഗുണഗണങ്ങൾ അവൾക്കുണ്ടാകണം എന്നാകും നിലപാട്. അവരെ അങ്ങനെ മാറ്റിയെടുക്കാൻ ശ്രമിക്കും. നല്ല കഴിവും പ്രതിഭയും സ്വപ്നങ്ങളും ഉള്ള ആളുകളെ അങ്ങനെ തളച്ചിടാൻ ശ്രമിച്ചാൽ നടക്കുമോ? അവർ എല്ലാം കളഞ്ഞ് വീട്ടുജോലികൾ നോക്കി ഇരിക്കണമെന്നു പറഞ്ഞാൽ സാധിക്കുമോ?' - സലിം ഖാൻ ചോദിച്ചു.
സൽമാൻ്റെ സ്വഭാവത്തിലെ പ്രശ്നങ്ങൾ സംഗീത ബിജ്ലാനി കഴിഞ്ഞയാഴ്ച 'ഇന്ത്യൻ ഐഡൽ' ഷോയിൽ തുറന്നുപറഞ്ഞിരുന്നു. "അന്ന് എൻ്റെ എക്സ് (മുൻ കാമുകൻ) എന്നെ വല്ലാതെ നിയന്ത്രിക്കുമായിരുന്നു. ഡ്രസിന് എത്ര ഇറക്കം വേണം കഴുത്തിന്റെ അളവെന്താകണം എന്നുവരെ തീരുമാനിക്കുന്നത് അദ്ദേഹമായിരുന്നു. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല. അന്ന് വല്ലാത്ത അന്തർമുഖത്വം ഉള്ളയാളായിരുന്നത് കൊണ്ട് ഞാൻ അതെല്ലാം സഹിച്ചു. ഇപ്പോൾ അങ്ങനെയല്ല. എനിക്ക് ആത്മവിശ്വാസമുണ്ട്.' - സംഗീത പറഞ്ഞു.
സൽമാൻ്റെ പിറന്നാളിന് ശേഷമാണ് ആരാധകർ വിവാഹത്തെക്കുറിച്ചൂള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. അങ്ങനെയാണ് സലിം ഖാന്റെ അഭിമുഖവും വീണ്ടും വൈറലായത്. വിവാഹം കഴിക്കില്ലെന്ന് താരം ഇതുവരെ നിലപാടെടുത്തിട്ടില്ല. ഏറ്റവും പുതിയ ചിത്രമായ സിക്കന്ദറിൻ്റെ തിരക്കുകളിലാണ് സൽമാൻ. രശ്മിത മന്ദാനയാണ് സിക്കന്ദറിലെ നായിക.