ഇന്ത്യന്‍ പുരുഷന്മാര്ക്ക് വിവാഹം കഴിക്കാന്‍ കന്യകകളായ സ്ത്രീകളെ കിട്ടാനില്ലെന്ന യുവാവിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്ത്.എന്തിനാണ് സ്ത്രീയുടെ ചാരിത്യത്തില് മാത്രം ശ്രദ്ധയൂന്നുന്നത് എന്ന് ചോദിച്ച ചിന്മയി പുരുഷന്മാർ വിവാഹത്തിനു മുൻപ് മറ്റു ജീവികളുമായാണോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതെന്നും ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ഒരു യുവാവ് എക്സ് ഹാന്‍ഡിലൂടെ വിവാദമായ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. യുവാവിന്റെ പോസ്റ്റ് ഇങ്ങനെ.
‘ഇന്നലെ രാത്രി 1.2 ലക്ഷം പാഴ്സല്‍ കോണ്ടം ഡെലിവര്‍ ചെയ്തെന്നാണ് ബ്ലിങ്കിറ്റ് സിഇഒ പോസ്റ്റ് ചെയ്തത്. ഒരു രാത്രിയിലെ കണക്ക് മാത്രമാണിത്, ബ്ലിങ്കിറ്റിലെ കണക്കും. മറ്റ് ഇ-കൊമേഴ്സ് സൈറ്റുകളും വിപണി വില്‍പ്പനയുമടക്കം ഒരു കോടിയിലേറെ വരും. ഈ തലമുറയില്‍ വിവാഹംചെയ്യാന്‍ കന്യകയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നത് ഭാഗ്യം’..പോസ്റ്റിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്ത് വന്നതോടെ യുവാവ് പോസ്റ്റ് നീക്കം ചെയ്തു.
പോസ്റ്റിനെ വിമര്‍ശിച്ച് ചിന്മയി പങ്കുവെച്ച പ്രതികരണം ഇതിനോടകം ഏറെ ശ്രദ്ധനേടി.ചിന്മയിയുടെ പ്രതികരണം ഇങ്ങനെ.
‘പുരുഷന്മാര് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു, പക്ഷേ, അവര്‍ കന്യകമാരെ വേണമെന്ന് പരാതിപ്പെടുകയും ചെയ്യുന്നു, അങ്ങനെയെങ്കില്‍ പുരുഷന്മാര് സ്ത്രീകളുമായി വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. പുരുഷന്മാര് കോണ്ടം വാങ്ങുന്നത് മറ്റ് ജീവികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനാണോ?’
പുരുഷന്മാര് എന്തായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സ്ത്രീകള്‍ കരുതുന്നുന്നു. നിങ്ങള്‍ സുരക്ഷിതമായിട്ടാണോ അല്ലാതെയാണോ ഏര്‍പ്പെട്ടതെന്ന് ആരും ചോദിക്കുന്നില്ല. ഒരു സ്ത്രീ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവള് എന്നന്നേക്കുമായി മലിനമാക്കപ്പെട്ടുവെന്നാണ് ചിലർ വിചാരിക്കുന്നതെന്നും ചിന്മയി കുറിച്ചു.
യുവാവ് കുറിച്ച പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു ചിന്മയിയുടെ പ്രതികരണം.