അഭിനയ ജീവിതത്തില്‍ താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് നരിവേട്ടയെന്ന് നടന്‍ ടൊവിനോ തോമസ്. എടുത്തുവെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനംവേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററില്‍ നിറഞ്ഞ മനസോടെ ആസ്വദിക്കാനും തീയറ്റര്‍ വിട്ടിറങ്ങിയാല്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ. – ടൊവിനോ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ടൊവിനോ തോമസിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
നരിവേട്ട ഷൂട്ടിങ് പൂര്‍ത്തിയായി.
കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പുവള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടില്‍, മരങ്ങള്‍ക്കിടയിലേക്ക്... എടുത്തുവെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനംവേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്. മുന്‍പ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്കു വന്നവരുമായ കുറേപ്പേര്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു.
നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററില്‍ നിറഞ്ഞ മനസോടെ ആസ്വദിക്കാനും തീയറ്റര്‍ വിട്ടിറങ്ങിയാല്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ.
വൈകാരികമായൊരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം നടത്തിയത്. ജീവിതത്തിന്റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും അയാള്‍ക്കൊപ്പം ഞാനും അനുഭവിച്ചു. അഭിനയ ജീവിതത്തില്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കാരണം, മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട.