ഷൈന്‍ നിഗത്തിന്‍റെ തമിഴ് ചിത്രം മദ്രാസ്‍കാരന്‍ റിലീസായതിന് പിന്നാലെ ഷൈന്‍ നിഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ച പഴയ ഇന്‍റര്‍വ്യൂ കുത്തിപ്പൊക്കിയും, നടന്‍ ബൈജുവിന്‍റെ പുതിയ പ്രതികരണവും ഉപയോഗിച്ചാണ് ട്രോളുകള്‍ പൊടിപൊടിക്കുന്നത്.

തിയേറ്റര്‍ പരിസരത്ത് വെച്ച് നടന്‍ ബൈജുവിനെ ഷൈന്‍ നിഗം കണ്ടുമുട്ടുമ്പോഴുള്ള സംഭാഷണത്തിന് തുടര്‍ച്ചയായാണ് ട്രോള്‍. ഏത് ചിത്രത്തിന് വന്നതാണ് എന്ന ഷൈനിന്‍റെ കുശലാന്വേഷണത്തിന് 'മാര്‍ക്കോ ഒന്ന് കാണാന്‍ വന്നതാ' എന്നായിരുന്നു ബൈജുവിന്‍റെ മറുപടി. തന്‍റെ ഒരു തമിഴ് ചിത്രം ഇറങ്ങിയിട്ടുണ്ടെന്നും അത് കാണണമെന്നുമുള്ള ഷൈനിന്‍റെ അഭ്യര്‍ഥനയ്ക്ക് തമിഴ് പടോ? ഇതെപ്പൊ സംഭവിച്ചു എന്നായിരുന്നു സ്വതസിദ്ധമായ ഭാഷയില്‍ ബൈജുവിന്‍റെ മറുപടി. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുന്നത്.

ഉണ്ണി മുകുന്ദനെയും ഉണ്ണി മുകുന്ദന്‍ ഫിലിംസിനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഷൈന്‍ നിഗത്തിന്‍റെ പ്രസ്താവന അന്ന് തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ ഇന്ത്യയിലൊട്ടാകെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റുകയും, ഷൈന്‍ നിഗത്തിന്‍റെ ആദ്യ തമിഴ് ചിത്രം പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ട്രോളുകള്‍.

കലക്ഷനിലും ജനപ്രീതിയിലും മാര്‍‌ക്കോ കുതിച്ചപ്പോള്‍ മദ്രാസ്‍കാരന്‍ കിതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ ഇന്ത്യയിലുടനീളം മികച്ച കളക്ഷന്‍ നേടുകയും നൂറു കോടി ക്ലബില്‍ എത്തുകയും ചെയ്തു. എന്നാല്‍ വലിയ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിച്ച ഷൈന്‍ ചിത്രം മദ്രാസ്‍കാരന്ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് ഒട്ടാകെ 25 ലക്ഷം രൂപ മാത്രമാണ് സ്വന്തമാക്കിയത്. അതേസമയം ഇന്ത്യയില്‍ നിന്ന് പ്രതീക്ഷയ്ക്കപ്പുറം കലക്ഷന്‍ ലഭിച്ച മാര്‍ക്കോ കൊറിയയിലും ഭേദപ്പെട്ട ജനശ്രദ്ധ പിടിച്ചുപറ്റി.

ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചത് വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷൈന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സംഭവം കെടാത്ത കനലായി നിന്നു. മാര്‍ക്കോ ഇറങ്ങിയ ശേഷം ഉണ്ണി മുകുന്ദനെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് ഞങ്ങള്‍ തമ്മില്‍ അതിനുമാത്രം പരിചയമൊന്നുമില്ല എന്നായിരുന്നു ഷൈനിന്‍റെ മറുപടി. പരിചയമില്ലാത്ത ഒരാളെയാണോ പരസ്യമായി അഭിമുഖത്തില്‍ അധിക്ഷേപിച്ചത് എന്നാണ് കമെന്‍റ് ബോക്സുകളില്‍ ഉയരുന്ന ചോദ്യം.

ഞാന്‍ വന്നപ്പൊ മുതല്‍ എല്ലാ ചെന്നായ്ക്കളും എന്നെ കൂട്ടം കൂടി അടിക്കാന്‍ നോക്കുവാ... ഇനിയിവിടെ ഞാന്‍ മതി എന്ന മാര്‍ക്കോയിലെ ഉണ്ണി മുകുന്ദന്‍റെ ഡയലോഗ് പോലും എതിരാളികളോടുള്ള ഉണ്ണിയുടെ മറുപടിയായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ENGLISH SUMMARY:

Baiju and Shane Nigam met at the theatre; Troll...