ദിലീഷ് കരുണാകരന്‍റെ സംവിധാനത്തില്‍ മാത്യു തോമസ് നായകനായെത്തുന്ന ചിത്രം ലൗലിയുടെ റിലീസ് തിയതി പുറത്ത്. വ്യത്യസ്ത പ്രമേയത്തില്‍ ഒരുങ്ങുന്ന ത്രീഡി ചിത്രത്തില്‍ മാത്യുവിന്‍റെ നായികയായെത്തുന്നത് ഒരു ഈച്ചയാണ്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ലൗലിക്കുണ്ട്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗലി. ചിത്രത്തില്‍ മാത്യു തോമസിന് പുറമെ മനോജ് കെ ജയന്‍, കെ.പി.എ.സി ലീല, പ്രശാന്ത് മുരളി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരിയിലായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ത്രീഡിയുടെ ദൃശ്യവിസ്മയം തീര്‍ത്തുകൊണ്ട് ലൗലി ഏപ്രില്‍ നാലിന് തിയറ്ററുകളിലെത്തും.