‘പൊറോട്ടയും ബീഫും’, അത് മലയാളിക്ക് ഒരു വികാരമാണെന്ന് പറയുന്നതുപോലെയാണ് ബാലരമയും മായാവിയും, കാലം എത്ര മാറിയാലും വിനോദോപാധികളുടെ കോലം മാറിയാലും അന്നും ഇന്നും മായാവിക്കും കുട്ടൂസനും രാധയ്ക്കും എല്ലാം ഫാന്‍സ് ഏറെയാണ്.
നമ്മുടെ മനംകവർന്ന ആ കഥാപാത്രങ്ങൾ ഹൃദയത്തിലങ്ങനെ ഒളിമങ്ങാതെ നിൽക്കും. വെബ്സീരീസും കാർട്ടൂണുകളും കുഞ്ഞുങ്ങളുടെ സമയം കവർന്നെടുക്കുന്ന പുതിയ കാലത്തും ബാലരമയെന്ന വായനാനുഭവം ഒളിമങ്ങാത്ത ഓര്‍മയും അനുഭവവുമായി ഇന്നും ആസ്വാദക മനസുകളിൽ നില നില്‍ക്കാന്‍ പ്രധാനകാരണവും മായാവിയും അതിലെ കഥാപാത്രങ്ങളുമാണ്.
ഇപ്പോഴിതാ സൗബറിടത്ത് വൈറലാവുകയാണ് സിനിമാ താരങ്ങള്‍ മായാവി കഥയില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്ന കാര്യം. താരങ്ങളുടെ ചിത്രം വച്ചുള്ള എഐ ദൃശ്യാവിഷ്കാരം കയ്യടി വാങ്ങുന്നുണ്ട്. മായാവിയായി ടൊവിനോ എത്തുമ്പോൾ, ഡാകിനിയായി മഞ്ജു വാര്യരും ലുട്ടാപ്പിയായും കുട്ടൂസനായും സൗബിൻ ഷാഹിറും രാജുവും രാധയുമായി ബേസിൽ ജോസഫും അനശ്വര രാജനും ഇടംപിടിച്ചിട്ടുണ്ട്. പെർഫെക്ട് കാസ്റ്റ് എന്ന് പറഞ്ഞാണ് ചിത്രം വിവിധ സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്നത്. കാസർകോട് സ്വദേശിയായ ദീപേഷ് ആണ് ഈ രസകരമായ എഐ ആർട്ടിന് പിന്നിൽ. ലേസി ഡിസൈനർ എന്ന ദീപേഷിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഫോട്ടോകൾ പങ്കുവച്ചത്.