dominic-movie

Image Credit: Facebook

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്സ്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടി ചിത്രങ്ങള്‍ കൈവരിച്ച വിജയക്കുതിപ്പ് ഡൊമിനിക്കിലൂടെ ഈ വര്‍ഷവും തുടരുമെന്നാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെയുളള പ്രേക്ഷകപ്രതികരണം. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനാണ്. ചിത്രം ഈ മാസം 23ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ അഭിനേതാക്കളുടെ ചെറുവീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നടി വീണ നായരാണ് ഏറ്റവും പുതിയ വിഡിയോയിലുളളത്. ഡൊമിനിക്കിലെ അനുഭവങ്ങളും മമ്മൂട്ടിക്കൊപ്പമുളള അഭിനയമുഹൂര്‍ത്തങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന വീണയെയാണ് വിഡിയോയില്‍ കാണുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും ആ​ഗ്രഹമാണെന്നും ആ വലിയ ഭാ​ഗ്യം തനിക്ക് ലഭിച്ചെന്നും വീണ പറയുന്നു. ഗൗതം വാസുദേവ് മേനോൻ സൂപ്പർ കൂളായിട്ടുള്ള സംവിധായകനാണെന്നും വീണ കൂട്ടിച്ചേർത്തു.

വീണയുടെ വാക്കുകള്‍ ഇങ്ങനെ:

'മലയാള സിനിമയിൽ അഭിനയിക്കുന്ന എല്ലാ ആർട്ടിസ്റ്റുകളുടെയും ഏറ്റവും വലിയ ആ​ഗ്രഹമാണ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണം എന്നത്. അങ്ങനെ ഒരു വലിയ ഭാ​ഗ്യമാണ് എനിക്ക് ലഭിച്ചത്. ​ഗൗതം സാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിർമിക്കുന്ന, മമ്മൂക്ക ഹീറോയായിട്ട് വരുന്ന ഈയൊരു പ്രൊജക്ടില്‍ ചെറിയ ഒരു ക്യാരക്ടര്‍ എനിക്ക് ലഭിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്. ഈ സിനിമയിലൂടെയാണ് ഞാന്‍ ആദ്യമായി മമ്മൂക്കയെ നേരിൽ കാണുന്നത്. ആദ്യം കണ്ടപ്പോൾ ഭയങ്കര പേടിയായിരുന്നു. പിന്നീട് ഒരുമിച്ച് സീനിൽ അഭിനയിച്ചപ്പോൾ ഓക്കെയായി. ഒരു ഡ്രീം കം ട്രൂ മൊമന്‍റ് ആയിരുന്നു അത്' വീണ നായര്‍ പറയുന്നു. 

'അതേപോലെതന്നെയാണ് ഗൗതം സാര്‍. ഗൗതം സാറിന്റെ സിനിമകളുടെ ആരാധികയാണ് ഞാൻ. ഈ സിനിമയ്ക്ക് സിങ് സൗണ്ട് ആണ്. ടെന്‍ഷനും എക്സൈറ്റ്മെന്‍റും ഒക്കെ വന്നിട്ട് പഠിച്ചുവച്ചത് മുഴുവന്‍ ഒറ്റ സെക്കന്‍റില്‍ ഞാന്‍ ആദ്യം മറന്നുപോയി. പക്ഷേ സൂപ്പര്‍ കൂളായിട്ടുളള ഡയറക്ടറാണ് ഗൗതം സാര്‍. എല്ലാവരോടും ഒരേപോലെ ഭയങ്കര സിംപിള്‍ ആന്‍ഡ് ഹമ്പിളായാണ് അദ്ദേഹം പെരുമാറുന്നത്. അതുകൊണ്ടുതന്നെ ‍ഞങ്ങള്‍ക്ക് ലൊക്കേഷനില്‍ യാതൊരു ടെന്‍ഷനും ഇല്ലായിരുന്നു. നമ്മളൊന്നും ചിന്തിക്കുന്നത് പോലെയല്ല വലിയ വലിയ സൂപ്പർ താരങ്ങളെന്ന് മനസിലായി. ജോർജേട്ടൻ വഴിയാണ് ഈ റോൾ എനിക്ക് കിട്ടിയത്' എന്നും വീണ നായര്‍ കൂട്ടിച്ചേര്‍ത്തു.