സിനിമക്ക് പുറമേ റേസിങ്ങിനും യാത്രകളിലും താല്‌പര്യമുള്ള താരമാണ് അജിത്ത്. യാത്രകളോടുള്ള അജിത്തിന്‍റെ ക്രേസ് സിനിമകള്‍ക്ക് മേലെ പോകാറുണ്ട്. ഇതിന്‍റെ പേരില്‍ താരം പഴി കേള്‍ക്കാറുമുണ്ട്. എന്നാല്‍ താരങ്ങളോടുള്ള ആരാധന അധികമാവരുതെന്നും സ്വന്തം ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അജിത്തും ആരാധകരോട് പറയാറുണ്ട്.
വീണ്ടും ആരാധകര്‍ക്ക് ഉപദേശവുമായി എത്തിയികിരിക്കുകയാണ് അജിത്ത്. വിജയ് വാഴ്ക അജിത്ത് വാഴ്ക എന്ന് പറഞ്ഞുനടക്കുന്നവര്‍ സ്വന്തം ജീവിതം എന്നാണ് ജീവിക്കാന്‍ പോകുന്നതെന്ന് അജിത്ത് ചോദിച്ചു. 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ പങ്കെടുത്ത ശേഷം ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അജിത്തിന്‍റെ ചോദ്യം.
'മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. വിജയ് വാഴ്ക, അജിത്ത് വാഴ്ക, നിങ്ങളെപ്പോഴാണ് വാഴാന്‍ പോകുന്നത്.
നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ്, പക്ഷേ ദയവായി നിങ്ങളുടെ ജീവിതം കൂടി നോക്കുക. എന്‍റെ ആരാധകരും ജീവിതത്തിൽ വളരെ നന്നായിരിക്കുന്നു എന്നറിയുമ്പോൾ ഞാൻ വളരെ സന്തോഷവാനായിരിക്കും. അവർ നല്ലവരാണെങ്കില്‍ എന്‍റെ സഹതാരങ്ങളെ കുറിച്ചും നല്ലത് പറയും.
ജീവിതം വളരെ ചെറുതാണ്. നമ്മുടെ കൊച്ചുമക്കൾ നമ്മളെ ഓർക്കാൻ പോകുന്നില്ല. അതിനാൽ അന്നു മനസില്‍ വക്കുക, ഇന്നില്‍ ജീവിക്കൂ, ഭൂതകാലത്തിലേക്ക് നോക്കരുത്, എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് വിഷമിക്കരുത്. ഈ നിമിഷത്തില്‍ ജീവിക്കുക, ഇപ്പോൾ ജീവിക്കുക. കാരണം ഒരു ദിവസം, നാമെല്ലാവരും മരിക്കും, അതാണ് സത്യം. നമുക്കെല്ലാവർക്കും കഠിനാധ്വാനം ചെയ്യാം ചെയ്യാം, സന്തോഷിക്കാം. ആരോഗ്യവാനായിരിക്കുക, ശാരീരികമായി മാത്രമല്ല, മാനസികമായും. ലവ് യൂ ഓള്‍,' അജിത്ത് പറഞ്ഞു.