Image: Screengrab from ndtv video

Image: Screengrab from ndtv video

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മുംബൈ പൊലീസ്. സെയ്ഫ് താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കെട്ടിടത്തിനുള്ളിലെ സ്റ്റെയര്‍കെയ്സ് വഴി ഓടിയിറങ്ങുന്ന അക്രമിയെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പുലര്‍ച്ചെ 2.33 ഓടെയാണ് സെയ്ഫും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും അക്രമി ഓടിയിറങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞത്. ടീഷര്‍ട്ടും ജീന്‍സുമാണ് വേഷം. ബാക്ക് പാക്ക് ചുമലിലും ഓറഞ്ച് നിറത്തിലുള്ള സ്കാര്‍ഫ് തോളിലൂടെയും ഇട്ടിട്ടുണ്ട്. ഓടിയിറങ്ങുന്നതിനിടെ കാമറയില്‍ അക്രമി നോക്കുന്നതും വ്യക്തമാണ്. 

ബാന്ദ്ര വെസ്റ്റിലെ 12 നിലക്കെട്ടിടത്തിലെ നാല് നിലകളിലായാണ് സെയ്ഫും കുടുംബവും താമസിക്കുന്നത്. മതില്‍ചാടിക്കടന്നാകും അക്രമി കെട്ടിടത്തിനുള്ളില്‍ കടന്നതെന്നാണ് നിഗമനം. കെട്ടിടത്തിനകത്ത് കടന്ന അക്രമി സ്റ്റെയര്‍കെയ്സ് വഴി ഫ്ലാറ്റിലേക്ക് എത്തുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. 

സെയ്ഫിന്‍റെ വീട്ടിലെ സഹായിയായ ഏലിയാമ്മ ഫിലിപ്സെന്ന സ്ത്രീയാണ് അക്രമിയെ കണ്ട് അലറി വിളിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ സെയ്ഫ് അക്രമിയെ നേരിടുകയായിരുന്നു. ആറു തവണയാണ് അക്രമി സെയ്ഫിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇടത്തേ കയ്യിലും കഴുത്തിലും നട്ടെല്ലിനരികെയുമാണ് അക്രമി കത്തി കുത്തിയിറക്കിയത്. ഉടന്‍ തന്നെ മുംബൈ ലീലാവതി ആശുപത്രിയില്‍ സെയ്ഫിനെ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ നിലവില്‍ സെയ്ഫിനെ നിരീക്ഷിച്ചുവരികയാണ്. താരം സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു.

മുംബൈ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. കൊള്ളയടിക്കല്‍, അതിക്രമിച്ച് കയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍, ഭവനഭേദനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

ENGLISH SUMMARY:

The Mumbai Police have released the first photo of the man suspected of entering Saif Ali Khan's house in Bandra and stabbing him six times.