ബോളിവുഡ് താരം സെയ്ഫ് അലിഖാനെതിരായ ആക്രമണത്തിനു പിന്നാലെ കടുത്ത സമ്മര്‍ദത്തില്‍ കരീന കപൂര്‍ . ഭര്‍ത്താവിനു കുത്തേറ്റതിനു പിന്നാലെ ഫ്ളാറ്റിനുമുന്നില്‍ ആശങ്കയോടെ നല്‍ക്കുന്ന കരീനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫ്ലാറ്റിലെ ജോലിക്കാരുമായും മറ്റും സംസാരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ജീവനക്കാരോടാണ് കരീന സംസാരിക്കുന്നത്. ആറിടത്താണ് സെയ്ഫിനു കുത്തേറ്റത്. ലീലാവതി ആശുപത്രിയില്‍ കഴിയുന്ന സെയ്ഫിന് ഇതിനോടകം ഒരു ശസ്ത്രക്രിയയും കഴിഞ്ഞു.
അതേസമയം സെയ്ഫിനെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതിയെ പിടികൂടാനായി പത്ത് സംഘങ്ങളായി തിരിഞ്ഞാണ് ബാന്ദ്ര പൊലീസ് അന്വേഷണം നടത്തുന്നത്. ഗോവണി കയറിയാണ് മോഷ്ടാക്കള്‍ പതിനൊന്നാം നിലയിലെത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആക്രമണത്തിനു പിന്നാലെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ 2.30ഓടെയാണ് സെയ്ഫിന്‍റെ മുംബൈയിലെ വസതിയില്‍ അക്രമികള്‍ കയറിപ്പറ്റിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് കുട്ടികളെ നോക്കുന്ന സ്ത്രീ ആദ്യം ഉണര്‍ന്നു. വിവരമറിഞ്ഞതോടെ സെയ്ഫ് അലിഖാനും എഴുന്നേറ്റ് കുട്ടികളുടെ മുറിയിലേക്ക് എത്തി.
മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിന് കുത്തേറ്റു. ഇതില്‍ രണ്ടെണ്ണം ആഴമേറിയതും രണ്ടെണ്ണം സാരമില്ലാത്തതും രണ്ടെണ്ണം ഇടത്തരം മുറിവുമായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതോടെ താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തുവെന്ന് ലീലാവതി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് സെയ്ഫ്. നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് വീട്ടുജോലിക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈ ബാന്ദ്രയിലെ വീടിനുള്ളില്‍വച്ച് ഇന്ന് പുലര്‍ച്ചെയാണ് താരത്തിന്‍റെ കഴുത്തിനും കൈയ്ക്കും കുത്തേറ്റത്. മോഷണശ്രമത്തിനിടെ കുത്തേറ്റതായാണ് പ്രാഥമിക വിവരം. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.