ഫയല്‍ ചിത്രം

ബോളിവുഡ് താരം സെയ്ഫ് അലിഖാന് എതിരായ  ആക്രമണം മോഷണം ലക്ഷ്യമിട്ടെന്ന് പൊലീസ്. അക്രമിയെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ പിടികൂടാന്‍ പത്ത് സംഘങ്ങളായി തിരഞ്ഞാണ് ബാന്ദ്ര പൊലീസിന്‍റെ അന്വേഷണം . ഗോവണി കയറിതന്നെയാണ് മോഷ്ടാക്കള്‍  പതിനൊന്നാം നിലയിലെത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആക്രമണത്തിന് പിന്നാലെ മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടു.

പുലര്‍ച്ചെ 2.30ഓടെയാണ് സെയ്ഫിന്‍റെ മുംബൈയിലെ വസതിയില്‍ അക്രമികള്‍ കയറിപ്പറ്റിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് കുട്ടികളെ നോക്കുന്ന സ്ത്രീ ആദ്യം ഉണര്‍ന്നു. വിവരമറിഞ്ഞതോടെ സെയ്ഫ് അലിഖാനും എഴുന്നേറ്റ്  കുട്ടികളുടെ മുറിയിലേക്ക് എത്തി. മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിന് ആറ് കുത്തേറ്റു. ഇതില്‍ രണ്ടെണ്ണം ആഴമേറിയതും രണ്ടെണ്ണം സാരമില്ലാത്തതും രണ്ടെണ്ണം ഇടത്തരം മുറിവുമായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതോടെ താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തുവെന്ന് ലീലാവതി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് സെയ്ഫ്.  

ENGLISH SUMMARY:

Actor Saif Ali Khan is out of danger after surgery, and the police have identified one suspect.