നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റുവെന്ന വാര്‍ത്തയില്‍ നടുങ്ങിയാണ് ബോളിവുഡ് ഉണര്‍ന്നത്. നട്ടെല്ലിനടുത്തും കഴുത്തിലുമടക്കം ആറിടത്ത് കുത്തേറ്റ സെയ്ഫ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. താരം അപകടനില തരണം ചെയ്തുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അതിനിടെ വീട്ടില്‍ നടന്ന ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. വീട്ടിലെ സഹായിയായ 56കാരിയാണ് നടുക്കുന്ന വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. കണ്ടാല്‍ 30 വയസ് മാത്രം പ്രായം വരുന്ന യുവാവ് സെയ്ഫിന്‍റെ മകന്‍ ജെ കിടന്ന മുറിയിലേക്ക് കയറിയെന്നും കയ്യില്‍ മൂര്‍ച്ചേറിയ ബ്ലേഡ് പോലത്തെ ആയുധവും വടിയുമുണ്ടായിരുന്നുവെന്നും ഏലിയാമ്മ പറയുന്നു.
ബാത്ത്റൂമിന് സമീപം നിഴല്‍ കണ്ടതോടെയാണ് ഏലിയാമ്മ ശ്രദ്ധിച്ചത്. 'തന്നെ അക്രമി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നും ബഹളം കേട്ട് ഒപ്പമുണ്ടായിരുന്ന ജുനുവെന്ന സ്ത്രീ ഉണര്‍ന്ന് അലമുറയിട്ടെ'ന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശബ്ദം കേട്ടാണ് സെയ്ഫും കരീനയും ഓടിയെത്തിയത്. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമി സെയ്ഫിനെയും വീട്ടിലെ സഹായിയായ ഗീതയെയും ആക്രമിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപെട്ടു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ടീ–ഷര്‍ട്ടും ജീന്‍സും ധരിച്ച ചെറുപ്പക്കാരനായ യുവാവ് കെട്ടിടത്തില്‍ നിന്നും സ്റ്റെയര്‍കെയ്സ് വഴി ഓടിയിറങ്ങുന്ന ദൃശ്യങ്ങളാമ് പുറത്തുവന്നത്. ചുമലില്‍ കറുത്ത ബാക്ക്പാക്കും അക്രമി ധരിച്ചിട്ടുണ്ട്. കഴുത്തില്‍ ഓറഞ്ച് നിറത്തിലെ സ്കാര്‍ഫും കാണാം.
വീട്ടിലെ ഓട്ടോമാറ്റിക് കാര്‍ ഓണാവാതെ വന്നതോടെ ഓട്ടോറിക്ഷയിലാണ് മകന്‍ ഇബ്രാഹിം, സെയ്ഫുമായി ആശുപത്രിയിലേക്ക് പാഞ്ഞത്. അക്രമി കുത്തിയിറക്കിയ കത്തിയുടെ ഭാഗം ആശുപത്രിയിലെത്തി ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. നട്ടെല്ലിലെ ദ്രാവകം വരെ പുറത്തുവന്നുവെന്നും ആഴത്തിലുള്ളതായിരുന്നു മുറിവെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
ഫ്ലാറ്റിലെ സ്റ്റെയര്‍കെയ്സ് വഴിയാണ് അക്രമി അകത്തേക്ക് കടന്നത്. കവര്‍ച്ചാശ്രമത്തിനിടെയാണ് ആക്രമണമെന്നും പ്രതിയെ പിടികൂടാന്‍ ഊര്‍ജിതശ്രമം തുടരുകയാണെന്നും ജോയിന്‍റ് കമ്മിഷണര്‍ സത്യനാരായണ്‍ ചൗധരി പറഞ്ഞു. 10 സംഘങ്ങളായി തിരിഞ്ഞാണ് മുംബൈ പൊലീസിന്‍റെ അന്വേഷണം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫും കരീനയും താമസിക്കുന്ന ബാന്ദ്രയിലെ വസതിയില്‍ ആക്രമണം ഉണ്ടായത്. കഴുത്തിന്‍റെ വലത്തേ ഭാഗത്തും ഇടത്തേ കയ്യിലും ആഴത്തിലുള്ള മുറിവേറ്റിരുന്നുവെന്നും ഇത് പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും ഡോക്ടര്‍ നീരജ് ഉത്താമണി പറഞ്ഞു.