വീടിനുള്ളില്‍ കിടന്നുറങ്ങവേ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്‍റെ നടുക്കത്തിലാണ് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍റെ കുടുംബം. ബാന്ദ്രയിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടരയോടെ മോഷ്ടാക്കളുടെ ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത് മകന്‍ ഇബ്രാഹിമാണ്. കാര്‍ സമയത്ത് സ്റ്റാര്‍ട്ടാവാതിരുന്നതോടെ മുറിവേറ്റ് രക്തം വാര്‍ന്നൊലിച്ച് നിന്ന സെയ്ഫിനെ മകന്‍ വാരിയെടുത്ത് ഓട്ടോറിക്ഷയിലാക്കി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സെയ്ഫിന്‍റെ വസതിയില്‍ നിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ മാത്രം അകലെയാണ് ലീലാവതി ആശുപത്രി.
ആറുതവണയാണ് അക്രമി 54കാരനായ സെയ്ഫിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. നട്ടെല്ലിനും കഴുത്തിനും കൈയ്ക്കും കുത്തേറ്റതായി ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നു. നട്ടെല്ലിനടുത്തായി ഏറ്റ കുത്ത് മാരകമായതിനെ തുടര്‍ന്ന് താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. സെയ്ഫ് അപകടനില തരണം ചെയ്തുവെന്നും വിദഗ്ധരുടെ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശങ്കപ്പെടാനില്ലെന്നും രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആരോഗ്യനില പൂര്‍ണമായും തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരമിപ്പോള്‍ ഉള്ളത്.
അതിനിടെ സെയ്ഫിനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞുവെന്ന് ബാന്ദ്ര പൊലീസ് അറിയിച്ചു. ഗോവണി വഴി വസതിയില്‍ കടന്ന അക്രമികള്‍ കത്തിക്കുത്തിന് പിന്നാലെ ഓടി രക്ഷപെടുകയായിരുന്നു. 11 സംഘമായി തിരിഞ്ഞാണ് പൊലീസിന്‍റെ അന്വേഷണം. മോഷണശ്രമം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വരെ സെയ്ഫിന്‍റെ വീടിന് സമീപത്തേക്ക് ആളുകള്‍ ആരും എത്തുന്നതായി സിസിടിവിയില്‍ ഇല്ല. അക്രമികള്‍ നേരത്തെ തന്നെ കെട്ടിടത്തില്‍ കയറിപ്പറ്റിയിരുന്നുവെന്നാണ് ഇതില്‍ നിന്നും അനുമാനിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചതോടെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. അതേസമയം, വീട്ടുജോലിക്കാരുടെ ആരുടെയെങ്കിലും സഹായത്തോടെയാണോ അക്രമി അകത്ത് കടന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടുജോലിക്കാരെ മുംബൈ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.