എസ്.എസ് രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 'എസ്എസ്എംബി 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, ചിത്രത്തിലെ നായിക പ്രിയങ്ക ചോപ്ര സിനിമ ചിത്രീകരണത്തിന്‍റെ ഭാഗമായി ഹൈദരാബാദിൽ എത്തിയിരിക്കുകയാണ്.

പ്രിയങ്ക എയര്‍പോര്‍ട്ടില്‍ എത്തുന്നതിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ബ്രൗൺ നിറത്തിലുള്ള ഹൂഡിയും മഞ്ഞ നിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് താരം എയര്‍പോര്‍ട്ടിലെത്തിയത്. രാജമൗലിക്കും മഹേഷ് ബാബുവിനുമൊപ്പം ആദ്യമായാണ് പ്രിയങ്കയും ഒന്നിക്കുന്നത്.

1000-1300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ ലൊക്കേഷന്‍ ഹണ്ട് നടന്നുക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറുമെന്നും തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.

2026ലാണ് ചിത്രത്തിന്‍റെ റിലീസ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു പ്രതിഫലം വാങ്ങാതെയാണ് സിനിമ ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം.എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ENGLISH SUMMARY:

Priyanka Chopra arrived in Hyderabad as part of a film shoot