സെയ്ഫ് അലി ഖാന് കുത്തേറ്റു എന്ന വാര്‍ത്ത ഏറെ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. വീട്ടിലെ സുരക്ഷാ ജീവനക്കാരെയും സുരക്ഷാ സംവിധാനങ്ങളെയും വെട്ടിച്ച് അക്രമി എങ്ങനെ അകത്തുകടന്നുവെന്നത് ഇപ്പോഴും ദുരൂഹത ഉയര്‍ത്തുന്ന കാര്യമാണ്. സെയ്ഫിന്‍റെ മകന്‍റെ മുറിയിലാണ് അക്രമി ആദ്യം എത്തിയതെന്നാണ് ആയയായ ഏലിയാമ്മ പൊലീസിന് നല്‍കിയ മൊഴി.
സെയ്ഫിന്‍റെ ഇളയമകന്‍ ജേയെ നോക്കുന്ന ആയയാണ് മലയാളി കൂടിയായ ഏലിയാമ്മ ഫിലിപ്പ്. 4 വര്‍ഷത്തോളമായി ഏലിയാമ്മ ഇവിടെ ജോലി ചെയ്യുന്നു. ജേയുടെ മുറിയിൽ നിന്നു ശബ്ദം കേട്ടാണ് എഴുന്നേറ്റതെന്നും മുറിയില്‍ ഒരു അപരിചിതന്‍ നില്‍ക്കുന്നതു കണ്ടെന്നും ഏലിയാമ്മ പറയുന്നു. ഇരുനിറവും മെലിഞ്ഞ ശരീരവുമുള്ള യുവാവ് ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങളും തലയിൽ തൊപ്പിയും ധരിച്ചിരുന്നു. മിണ്ടരുതെന്നും ഒരു കോടി നല്‍കണമെന്നും ഭീഷണിപ്പെടുത്തിയ യുവാവിന്‍റെ കൈയില്‍ വടിയും കത്തിയുമുണ്ടായിരുന്നു. സെയ്ഫ് അലി ഖാനും കരീനയും ഓടിയെത്താൻ വേണ്ടി താന്‍ കരഞ്ഞെന്നും കരച്ചില്‍ കേട്ടാണ് സെയ്ഫ് മുറിയിലേക്ക് എത്തിയതെന്നും ഏലിയാമ്മ നല്‍കിയ മൊഴിയിലുണ്ട്.
യുവാവിനെ കണ്ടയുടനെ ആരാണെന്നും എന്താണ് വേണ്ടതെന്നും സെയ്ഫ് ചോദിച്ചപ്പോള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കരീനെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് മറ്റ് ജീവനക്കാര്‍ എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെടുകയായിരുന്നു. സെയ്ഫിന്‍റെ മുറിവുകളില്‍ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നുവെന്നും ഏലിയാമ്മ പറയുന്നു.
കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരുടെയും സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച് അക്രമി 11–ാം നിലയില്‍ കടന്നുകയറിയത് എങ്ങനെ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. കെട്ടിടത്തിന്റെ ഗേറ്റിലും ലിഫ്റ്റിനു മുന്നിലും സുരക്ഷാ ജീവനക്കാരുണ്ട്. സുരക്ഷാ ജീവനക്കാരുടെ വിരലടയാളം ഉപയോഗിച്ചാൽ മാത്രമേ ലിഫ്റ്റ് തുറക്കുകയുള്ളൂ. അതിനാൽ, അവർ അറിയാതെ ലിഫറ്റ് വഴി ആർക്കും മുകളിലേക്കു പോകാനാകില്ലെന്നിരിക്കെ, തീപിടുത്തമുണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണി വഴിയാണ് കള്ളന്‍ അകത്തെത്തിയത്.
11ാം നിലയില്‍ ആരുടെയും കണ്ണിൽപ്പെടാതെ എത്തുകയും വീട്ടിനുള്ളിലും സംശയങ്ങള്‍ ഒന്നുമില്ലാതെ മുന്‍പ് പരിചയമുള്ളൊരു വ്യക്തിയെ പോലെ നടക്കുകയും അക്രമത്തിനു ശേഷം സ്റ്റെയർ കേസിലൂടെ എളുപ്പം രക്ഷപ്പെടുകയുമായിരുന്നു പ്രതി. ഇത് അക്രമിക്ക് കെട്ടിടത്തിന്റെ ഘടന നേരത്തെ വശമുണ്ടായിരുന്നോ എന്ന സംശയം ഉയര്‍ത്തുന്നു. കെട്ടിടത്തില്‍ ധാരാളം സിസിടിവി ക്യാമറകള്‍ ഉണ്ടെങ്കിലും പ്രതിയുടെ ദൃശ്യം ആകെ പതിഞ്ഞത് ആറാം നിലയിലെ സിസിടിവി ക്യാമറയിൽ മാത്രമാണ്. ബാക്കി ക്യാമറകളില്‍ എന്തുകൊണ്ട് പതിഞ്ഞില്ല എന്നത് പ്രതിക്ക് വീട്ടില്‍ എവിടെയൊക്കെ ക്യാമറയുള്ള കാര്യം നേരത്തെ അറിയാമായിരിക്കണം എന്നതും സംശയം ബലപ്പെടുന്നു.
അതേസമയം, സംഭവത്തില്‍ പൊലീസ് സെയ്ഫ് അലി ഖാന്റെയും ജോലിക്കാരുടെയും മൊഴിയെടുത്തു. വീട്ടിലെ ഒരു ജോലിക്കാരിക്ക് അക്രമിയെ പരിചയമുണ്ടെന്നും അവരുടെ അറിവോടെയാണോ ഇയാൾ വീട്ടിലെത്തിയതെന്നും സംശയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.