ശരീരമാസകലം ചോരയില്‍ കുളിച്ചെങ്കിലും നടന്‍ സെയ്ഫ് അലിഖാന്‍ ആശുപത്രിയിലേക്ക് നടന്നുവന്നത് ഒരു സിംഹത്തെപ്പോലെയെന്ന് ആശുപത്രി അധികൃതകര്‍. ലീലാവതി ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഒരു സ്ട്രച്ചര്‍ പോലും ഉപയോഗിക്കാതെയാണ് സെയ്ഫ് ആശുപത്രിയിലെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മോഷ്ടാവിന്‍റെ ആക്രമണത്തില്‍ ശരീരത്തില്‍ ആറ് കുത്തേറ്റ നടനെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റിയതായും ഓഫീസര്‍ നിരജ് ഉത്തമനി പറയുന്നു.
കഴുത്തിലും നട്ടെല്ലിനോടടുത്തും കുത്തേറ്റ നടന് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയും നടത്തി. നട്ടെല്ലിനോടടുത്ത മുറിവില്‍ നിന്നും 2.5ഇഞ്ച് നീളമുള്ള ബ്ലേഡും നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിക്കുന്നു. സെയ്ഫ് പൂര്‍ണമായും അപകടനില തരണം ചെയ്തുകഴിഞ്ഞു. സ്വയം നടക്കാനും അദ്ദേഹത്തിനു സാധിക്കുന്നുണ്ട്, അല്‍പം കൂടി ആഴത്തിലായിരുന്നു മുറിവെങ്കില്‍ അത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേനെയെന്നും നിലവില്‍ പരാലിസിസിനുള്ള സാധ്യതയില്ലെന്നും ഇവര്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് വീട്ടില്‍ക്കയറിയ മോഷ്ടാവിന്‍റെ ആക്രമണത്തില്‍ നടന് പരുക്കേറ്റത്. ഭാര്യ കരീനാ കപൂറും കുട്ടികളും ആയമാരും വീട്ടിലുള്ള സമയത്തായിരുന്നു ആക്രമണമുണ്ടായത്. നട്ടെല്ലിനോട് ചേര്‍ന്ന് പരുക്കുള്ളതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഒരാഴ്ചത്തേക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.