TOPICS COVERED

മുംബൈയില്‍ നടന്‍ സെയ്‌ഫ് അലി ഖാനെ കുത്തിയ കേസില്‍ അക്രമിയെ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് ചോദ്യംചെയ്യുകയാണ്. അതേസമയം, ബാന്ദ്രയിലെ ഷാറൂഖ് ഖാന്‍റെ വസതിയും ഇയാള്‍ നീരിക്ഷിച്ചിരുന്നതായി സൂചനയുണ്ട്. 

നടന്‍റെ ഫ്ലാറ്റില്‍ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അക്രമിയെ പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി ബാന്ദ്രയില്‍ നിന്നും ലോക്കല്‍ ട്രെയിനില്‍ വസായ് ഭാഗത്തേക്ക് പോയതായി കണ്ടെത്തിയിരുന്നു. പ്രതിയുടെ മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോഷണം തന്നെയാണ് ലക്ഷ്യമെന്ന് പൊലീസ് സ്ഥീരീകരിക്കുന്നു. ഇയാള്‍ക്ക് പുറത്ത് നിന്ന് ആരുടെ എങ്കിലും സഹായം കിട്ടിയോ എന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. 

അക്രമിയെ ഇന്നലെ പുലര്‍ച്ച ഫ്ലാറ്റില്‍ വച്ച് ആദ്യം കണ്ടതും നേരിട്ടതും മലയാളി നഴ്സായ ഏലിയാമ്മ ഫിലിപ്പാണ്. അതിനിടെ ഈ പ്രതി ബാന്ദ്രയിലെ ഷാരൂഖ് ഖാന്‍റെ വസതിയിലും നിരീക്ഷണം നടത്തിയതായി സൂചനകളുണ്ട്. ഷാരുഖിന്‍റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. 

ലീലാവതി ആശുപത്രിയില്‍ ചികില്‍സയിലുള്ള സെയ്‌ഫ് അലി ഖാന്‍ സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ഐസിയുവില്‍ നീരീക്ഷണത്തിലാണ്. അതിനിടെ പൊലീസിന്‍റെ പരിശോധനയില്‍ നടന്‍റെ ഫ്ലാറ്റില്‍ നിന്നും ഒരു വാള്‍ കണ്ടെടുത്തു. പട്ടൗഡി കുടുംബം പരമ്പരാഗതമായി കൈവശം വച്ചിരുന്ന ആയുധമാണ് ഇതെന്നാണ് സൂചന. 

ENGLISH SUMMARY:

In Saif Ali Khan Stabbing Case, One Suspect Detained By Mumbai Police