മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനശ്വര രാജൻ. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ എത്തി നായികയായി നിരവധി സിനിമകളിൽ വേഷമിട്ട താരം തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ ഒട്ടും മടികാണിക്കാത്ത കൂട്ടത്തിലാണ്. രേഖാചിത്രം എന്ന സിനിമയാണ് താരത്തിന്റേതായി ഈ വര്‍ഷം ആദ്യം തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ തന്‍റെ മാതാപിതാക്കളെ കുറിച്ചും കുടുംബത്തെ കുറിച്ചും തുറന്ന് പറയുകയാണ് താരം. ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കി അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്ന് പറച്ചില്‍.
സാധാരാണ രക്ഷിതാക്കൾ അവരുടെ പെൺകുട്ടികൾക്ക് നൽകുന്ന പല ഉപദേശങ്ങളും തന്റെ അച്ഛനും അമ്മയും നൽകിയിട്ടില്ലെന്നും മറ്റൊരു വീട്ടിൽ പോകണമെന്നോ വീട്ടുജോലി ചെയ്യണമെന്നോ അവർ പറഞ്ഞിട്ടില്ലെന്നും സ്വന്തം കാലിൽ നിൽക്കണമെന്ന് മാത്രമാണ് അന്നും ഇന്നും പറയുന്നതെന്നും അനശ്വര പറഞ്ഞു. തന്‍റെ പീരിഡ്സ് ഡേറ്റ് താന്‍ മറന്നാലും അത് അച്ഛനറിയാമെന്നും പെൺകുട്ടികളെ പിടിച്ച് എന്തിനാണ് ദേവിയും ലക്ഷ്മിയും ആക്കുന്നതെന്ന് അച്ഛനോട് ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നു
അനശ്വരയുടെ വാക്കുകള്‍
സ്കൂളിൽ പഠിക്കുന്ന സമയം മുതൽ അച്ഛന് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നന്നായി അറിയാം. എന്റെ പീരിഡ്സ് ഡേറ്റ് പോലും അച്ഛന് അറിയാം. ഞാൻ പോലും ചിലപ്പോൾ മറക്കാറുണ്ട്. ആ സമയത്ത് വേദനയൊക്കെ വരുമ്പോൾ അടുത്ത കടയിലേക്ക് ഓടിപോയി പഴങ്ങള്‍ വാങ്ങിവന്ന് എന്നെ കൊണ്ട് കഴിപ്പിക്കും, നമ്മൾ പെൺകുട്ടികളാണ്, വെറെ വീട്ടിൽ പോകേണ്ടവരാണ്, വീട്ടുജോലിയൊക്കെ എടുക്കണം എന്നൊന്നും അച്ഛനും അമ്മയും ഞങ്ങളോട് പറഞ്ഞിട്ടില്ല. സ്വന്തം കാലിൽ നിൽക്കണമെന്ന് മാത്രമാണ് പറഞ്ഞ് തന്നിട്ടുള്ളത്. അങ്ങനെയാണ് ഞങ്ങളെ വളർത്തിയത്. അടുക്കളയിൽ മാത്രമല്ല എല്ലാ ജോലിയും ഞാനും ചേച്ചിയും ഒരുമിച്ച് ചെയ്യാറുണ്ട്. ക്ലീൻ ചെയ്യുന്നതായാലും പാചകമായാലും അമ്മയോടൊപ്പം അച്ഛനും ചെയ്യും. ഞങ്ങൾ അത് കണ്ടാണ് വളർന്നത്. നാളെ നീ വെറെ വീട്ടിൽ കയറി പോകേണ്ടതാണ് എന്നൊന്നും അവർ പറഞ്ഞിട്ടില്ല. പെൺകുട്ടികളുള്ള വീട് ഐശ്വര്യമെന്ന് അച്ഛൻ പറയാറുണ്ട്. പെൺകുട്ടികളെ പിടിച്ച് എന്തിനാണ് ദേവിയും ലക്ഷ്മിയും ആക്കുന്നതെന്ന് ഞാൻ അച്ഛനോട് ചോദിച്ചിട്ടുണ്ട്.