റീ റിലീസ് ട്രെന്‍ഡിന് മലയാളത്തില്‍ തുടര്‍ച്ചയായി തിയറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിന് ആളില്ലാ. ഐ വി ശശി സംവിധാനം ചെയ്ത്, 1986ല്‍ ഇറങ്ങിയ ആവനാഴി എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടി സി ഐ ബല്‍റാം എന്ന കള്‍ട്ട് കഥാപാത്രമായി എത്തിയ ചിത്രം നീണ്ട 38 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും തിയറ്ററുകളിലെത്തിയത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന ടി ദാമോദരന്‍ ആണ്. സാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എന്നാല്‍ ആവനാഴിയുടെ റീ റിലീസ് പലയിടത്തും മുടങ്ങി. ചിത്രത്തിന്റെ ഒറ്റ ടിക്കറ്റ് പോലും വിറ്റുപോകാതായതോടെയാണ് പലയിടങ്ങളിലും ഷോ ക്യാന്‍സല്‍ ആയത്. റീ റിലീസുമായി ബന്ധപ്പെട്ട് ഒരു രീതിയിലുമുള്ള പ്രൊമോഷനും അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വിമര്‍ശനങ്ങളുണ്ട്. ഇതോടെ പാലേരിമാണിക്യത്തിനും വല്യേട്ടനും ശേഷം മമ്മൂട്ടിയുടെ മറ്റൊരു റീ റിലീസ് പരാജയമാകുകയാണ് ആവനാഴി.
നേരത്തെ മമ്മൂട്ടി സിനിമകളായ പാലേരിമാണിക്യവും വല്യേട്ടനും റീ റിലീസ് ചെയ്തിരുന്നുവെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടെ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പടെ താരതമ്യേന മെച്ചപ്പെട്ട പ്രമോഷനുമായി എത്തിയ വല്യേട്ടന്‍ നേരിയ നേട്ടമുണ്ടാക്കിയിരുന്നു. എങ്കിലും ഒരു കോടിയിൽ താഴെ മാത്രമായിരുന്നു വല്യേട്ടൻ റീ റിലീസിൽ നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.